പി.വി.അൻവറിന് തിരിച്ചടി; എം.എല്‍.എയുടെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിര്‍ദേശം
അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി സമർപ്പിച്ച കോടതി അലക്ഷ്യ ഹരജിയിലാണ് നടപടി
ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി. കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍റെ ഇടക്കാല ഉത്തരവ്.
അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി സമർപ്പിച്ച കോടതി അലക്ഷ്യ ഹരജിയിലാണ് നടപടി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് എം.എല്‍.എയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ സര്‍വേ നമ്പറും വിസ്തീര്‍ണവും കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിന് കൂടുതല്‍ സമയംവേണമെന്നാണ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനായ കോഴിക്കേട് എല്‍.എ ഡെപ്യൂട്ടികളക്ടര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്.
പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന ലാൻഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരഹിതനായ ഷാജി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാൻഡ് ബോര്‍ഡ് ചെയര്‍മാന്‍, താമരശേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 24ന് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ എട്ടുമാസമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് പിന്നീട് കോടതിയലക്ഷ്യ ഹരജി നല്‍കുകയായിരുന്നു. മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി.അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലാൻഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവും നല്‍കി.