'കോഴിക്കോടും മലപ്പുറവും വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം'; നയം പ്രഖ്യാപിച്ച് പി.വി അൻവറിന്റെ ഡിഎംകെ
മുസ്‍ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡൻ്റ് ഹംസ പറക്കാട്ടിൽ, സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകു, മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറമ്പ് ഉള്‍പ്പെടെ വേദിയിലുണ്ട്
മലപ്പുറം: മലബാറിനോടുള്ള അവഗണനയും സാമൂഹികനീതിയും ഉയര്‍ത്തി പി.വി അന്‍വറിന്‍റെ പുതിയ സംഘടന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ(ഡിഎംകെ) നയപ്രഖ്യാപനം. കോഴിക്കോടും മലപ്പുറവും വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം, ജാതി സെൻസസിലൂടെ സാമൂഹ്യനീതി, പ്രവാസികൾക്ക് വോട്ടവകാശം, ഓൺലൈൻ വ്യാപാരം കുറക്കാൻ നിയമനിർമാണം, വഴിയോര കച്ചവടക്കാർക്ക് വായ്പയും ഇൻഷുറൻസും തുടങ്ങിയവയാണു പ്രധാന പ്രഖ്യാപനങ്ങള്‍. മഞ്ചേരിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ അന്‍വറിനെ കേള്‍ക്കാനായി ആയിരങ്ങള്‍ എത്തിയിട്ടുണ്ട്.
ഇങ്ക്വിലാബ് വിളികളോടെയാണ് അന്‍വറിനെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചത്. മുസ്‍ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡൻ്റ് ഹംസ പറക്കാട്ടിൽ, ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്പ് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകു അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസൽ കൊടുവള്ളി പാര്‍ട്ടി നയം വായിച്ചുകേള്‍പിച്ചു.
പ്രഖ്യാപിക്കപ്പെട്ട നയങ്ങള്‍ ഇങ്ങനെ:
-എല്ലാ പൗരന്മാർക്കും നീതി, വിശ്വാസ, ആരാധനാ സ്വാതന്ത്യം ഉറപ്പുവരുത്തണം
-ജാതി സെൻസസിലൂടെ സാമൂഹ്യനീതി നടപ്പാക്കണം
-പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണം
-ഇ-ബാലറ്റ് നടപ്പാക്കണം
-ജനസംഖ്യാനുപാതികമായി സർക്കാർ സേവനം ലഭ്യമാക്കാൻ മലപ്പുറം-കോഴിക്കോട് ജില്ലകൾ വിഭജിച്ച് 15-ാമത് ജില്ല രൂപീകരിക്കണം
-മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം
--പൊലീസിലെ ക്രിമിനൽവൽക്കരണത്തിനെതിരെ പ്രത്യേകം നിയമം, രണ്ട് എഫ്‌ഐആർ ചാർത്തപ്പെട്ടവരെ സേനയിൽനിന്ന് നീക്കണം
-സ്‌പോർട്‌സ് യൂനിവേഴ്‌സിറ്റി, എല്ലാ പഞ്ചായത്തിലും മിനി സ്റ്റേഡിയം
-ശബരിമല, വഖഫ് ബോർഡുകളിൽ അതതു വിശ്വാസികൾ മാത്രം
-സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആക്കണം
-സർക്കാർ സ്‌കൂളുകളിൽ മക്കളെ പഠിപ്പിക്കാത്ത അധ്യാപകരുടെ ശമ്പളത്തിന്റെ 20 ശതമാനം ബിപിഎൽ വിഭാഗത്തിലെ കുട്ടികൾക്ക് നൽകണം
-ഓൺലൈൻ വ്യാപാരം കുറക്കാൻ നിയമനിർമാണം പരിഗണിക്കും
-വഴിയോര കച്ചവടക്കാർക്ക് വായ്പയും ഇൻഷുറൻസും നൽകണം
-അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര
-വയോജനക്ഷേമത്തിനായി വയോജന വകുപ്പ് രൂപീകരിക്കണം
Summary: PV Anvar's Manjeri public meeting live updates