സംസ്ഥാനത്ത് സർക്കാർ ഭൂമിയില്‍ പാറ ഖനനത്തിന് നീക്കം

ഓരോ വില്ലേജിന് കീഴിലും ക്വാറിക്ക് അനുയോജ്യമായ സർക്കാർ ഭൂമി കണ്ടെത്തി അടിയന്തരമായി റിപ്പോർട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് നിർദേശം നല്‍കി

Update: 2021-09-04 09:06 GMT
Advertising

സംസ്ഥാന വ്യാപകമായി സർക്കാർ ഭൂമിയില്‍ ക്വാറികള്‍ തുടങ്ങാന്‍ നീക്കം. ഓരോ വില്ലേജിന് കീഴിലും ക്വാറിക്ക് അനുയോജ്യമായ സർക്കാർ ഭൂമി കണ്ടെത്തി അടിയന്തരമായി റിപ്പോർട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് നിർദേശം നല്‍കി. ക്വാറി നടത്താന്‍ സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ആറു മാസത്തിനകം എന്‍ഒസി നല്‍കാന്‍ കഴിയും വിധം നടപടി പൂർത്തീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. മീഡിയവണ്‍ എക്സ്ക്ലുസീവ്.

ഓരോ വില്ലേജുകളിലും ക്വാറിക്ക് അനുയോജ്യമായ സർക്കാർ ഭൂമിയുണ്ടോ എന്ന് ഒരാഴ്ചക്കകം കണ്ടെത്തണം. അടുത്ത ഒരാഴ്ചക്കകം ആർഡിഒമാർ റിപ്പോർട്ട് കളക്ടര്‍ക്ക് കൈമാറണം. റിപ്പോർട്ട് പരിശോധിച്ച കളക്ടർമാർ ഒക്ടോബറോടെ എന്‍ഒസി നല്‍കാനായി ഇ ലേലം തുടങ്ങണം. ഡിസംബറോടെ എന്‍ഒസി നല്‍കാന്‍ കഴിയുംവിധം നടപടി പൂർത്തിക്കാനാണ് റവന്യൂ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്.

റവന്യൂ വകുപ്പ് ഉത്തരവിറക്കുന്നത് ജനുവരി 28നാണ്. ജൂലൈയില്‍ ലാന്‍ഡ് റവന്യു കമ്മീഷണർ സർക്കുലർ ഇറക്കി. തഹസീല്‍ദാർമാർ, വില്ലേജ് ഓഫീസർമാർ അടങ്ങിയ സമിതി രൂപീകരിച്ച് ജില്ലാ കളക്ടർമാർ പ്രവർത്തനം തുടങ്ങിയത് ഇപ്പോഴാണ്. ഒരു ഹെക്ടറലധികം വരുന്ന സ്ഥലമാണ് കണ്ടെത്തേണ്ടത്. ഒരു ഹെക്ടറിന് ഒരു വർഷത്തേക്ക്10 ലക്ഷം രൂപ നിരക്കില്‍ 12 വർഷത്തേക്കാണ് പാട്ടത്തിന് നല്‍കുക.

മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സർക്കാരിന് വരുമാനം ലഭിക്കുന്ന തരത്തില്‍ സർക്കാർ ഭൂമിയിലെ ക്വാറി പ്രവർത്തനം ക്രമീകരിക്കാനാണ് നടപടിയെന്നാണ് റവന്യു വകുപ്പ് വിശദീകരിക്കുന്നത്. അങ്ങനെയങ്കില്‍ ഡിസംബറിനകം അനുമതി നല്‍കുന്ന രീതിയില്‍ നടപടികള്‍ പൂർത്തിയാക്കണമെന്ന് എന്തുകൊണ്ട് നിർദേശിച്ചു എന്ന ചോദ്യം പ്രസക്തമാണ്. പുറമ്പോക്ക് ഭൂമിയാകണം കണ്ടെത്തേണ്ടത്, ഖനനം നിരോധിച്ച സ്ഥലമാകരുത് തുടങ്ങി പാട്ടത്തുകക്കുള്ള വ്യവസ്ഥ ഉള്‍പ്പെടെ നിർദേശമായി നല്‍കിയിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News