ചോദ്യപേപ്പർ ആവർത്തന വിവാദം: പ്രതിപക്ഷ അധ്യാപക സംഘടന കോടതിയിലേക്ക്
കുറ്റക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്
കണ്ണൂർ: കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ആവർത്തന വിവാദത്തിൽ പ്രതിപക്ഷ അധ്യാപക സംഘടന കോടതിയിലേക്ക്. പിഴവ് വരുത്തിയ അധ്യാപകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ടാണ് കെ.പി.സി.ടി.എ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതിയിൽ നാളെ ഹരജി നൽകും.
കണ്ണൂർ സർവകലാശാലയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ അഞ്ചു പരീക്ഷകളിലാണ് ചോദ്യപേപ്പർ അവർത്തിച്ചത്. ഇതിൽ മൂന്ന് പരീക്ഷകൾ റദ്ദാക്കി.എന്നാൽ ചോദ്യപേപ്പർ ആവർത്തിക്കപ്പെട്ട ബോട്ടണി, ഗണിത ശാസ്ത്രം പരീക്ഷകൾ റദ്ദാക്കിയിട്ടില്ല. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ അധ്യാപക സംഘടനകൾ ആരോപിച്ചിരുന്നു. പിന്നാലെയാണ് വീഴ്ചവരുത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കെപിസിടിഎ ഹൈക്കോടതിയെ സമീപിക്കുന്നത്
പരീക്ഷകൾ റദ്ദാക്കുക വഴി സർവകലാശാലയ്ക്കുണ്ടായ അധികബാധ്യത ചോദ്യ പേപ്പർ തയ്യാറാക്കിയവരിൽ നിന്നും ഈടാക്കണമെന്നാണ് ഇവരുടെ വാദം. കേരള സർവകലാശാലയിൽ സമാന ഉത്തരവിറങ്ങിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ചോദ്യപേപ്പർ ആവർത്തനമുണ്ടായ മറ്റ് രണ്ട് പരീക്ഷകൾ റദ്ദാക്കാതിരുന്നത് കുറ്റക്കാരെ സംരക്ഷിക്കാനെന്നും കെ. പി.സി.ടി.എ ആരോപിക്കുന്നു.