സുദിപ്‌തോ സെന്നിന്റെ 'കേരള സ്റ്റോറി' ഞങ്ങളുടെ കേരളത്തിന്റെ സ്‌റ്റോറിയല്ല, സംഘ്പരിവാർ ആഗ്രഹിക്കുന്ന കേരളമാണ്: രാഹുൽ മാങ്കൂട്ടത്തിൽ
മുസ്‌ലിം സമൂഹത്തെ ശത്രുക്കളായി ചിത്രീകരിച്ച് ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
കോഴിക്കോട്: സുദിപ്‌തോ സെൻ സംവിധാനം ചെയ്യുന്ന 'ദി കേരള സ്‌റ്റോറി' സിനിമക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സിനിമയിൽ പറയുന്നത് താനടക്കമുള്ളവരുടെ കേരളത്തിന്റെ സ്റ്റോറിയല്ലെന്നും അത് സംഘ്പരിവാർ ആഗ്രഹിക്കുന്ന കേരളത്തിന്റെ സ്റ്റോറിയാണെന്നും രാഹുൽ പറഞ്ഞു. എന്നാൽ ആ കേരളമായി മാറാൻ തങ്ങൾക്ക് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫസ്റ്റ് ക്ലാസ് അപരവത്കരണമാണ് സിനിമയിൽ സംവിധായകൻ പറഞ്ഞുവെക്കുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇത് ലക്ഷണമൊത്ത ഫാസിസ്റ്റ് സ്ട്രാറ്റജിയാണ്. ഇതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യം നിങ്ങൾക്ക് വളരുവാൻ പര്യാപതമായ ഒരു ശത്രുവിനെ സൃഷ്ടിക്കുക. ആ ശത്രു സമൂഹത്തോട് ഇതര സമൂഹങ്ങൾക്ക് ആദ്യം ഭയവും പിന്നെ ആശങ്കയും അതുവഴി ശത്രുതയും ഉണ്ടാക്കിയെടുക്കുക. അങ്ങനെ സ്വയം വളരാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ദൗർഭാഗ്യവശാൽ ഇന്ത്യയിൽ മുസ്‌ലിം സമൂഹത്തെയാണ് ഇന്ത്യയിൽ അപരശത്രുവായി കാണുന്നത്. ഹിന്ദു-കൃസ്ത്യൻ സമൂഹങ്ങളിൽ ആശങ്ക പടർത്തി മുസ്‌ലിം വിരുദ്ധത പാകിയുറപ്പിക്കാനാണ് ശ്രമിക്കുന്നെന്നും രാഹുൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കഴിഞ്ഞ കുറച്ച് ദിവസമായി 'ദ് കേരള സ്റ്റോറി' എന്ന സുദിപ്തോ സെൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പറ്റിയുള്ള ചർച്ചകൾ പലയിടത്തായി കണ്ടു. ഇന്നലെ ആ സിനിമയുടെ ട്രെയിലറും കണ്ടു. അതെ കുറിച്ച് ചർച്ച ചെയ്ത് ആ സിനിമയുടെ വിസിബിലിറ്റിയുടെ ഒരു ഭാഗമാകണോയെന്ന ആശങ്കയിൽ ആദ്യം ഇഗ്നോർ ചെയ്തു. അപ്പോഴാണ് പ്രസംഗത്തിൽ ഞാൻ തന്നെ മറ്റ് പലരെയും പോലെ ഉദ്ധരിക്കുന്ന മാർട്ടിൻ നീമൊള്ളറുടെ പ്രശസ്തമായ വാചകം ഓർത്തത്. അതുകൊണ്ടാണ് പ്രതികരിക്കാമെന്ന് ഓർത്തത്, കാരണം ' ഒടുവിൽ അവർ എന്നെ തേടി വരും' വരെയുള്ള നിശബ്ദത പോലും ഫാഷിസത്തോടുള്ള സമരസമാണ്.
ആദ്യമെ തന്നെ സുദിപ്തോ സെന്നിനോട് പറയട്ടെ, നിങ്ങൾ പറയുന്ന ' ദ് കേരള സ്റ്റോറി ' ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല! ഈ കേരളം നിങ്ങളുടെ സംഘപരിവാർ ഭാവനയിൽ നിങ്ങൾ ആഗ്രഹിക്കുന്ന കേരളമാണ്. ആ കേരളമാകുവാൻ ഞങ്ങൾക്ക് സാധ്യമല്ല.
സിനിമയിലൂടെ നിങ്ങൾ പറഞ്ഞ് വെക്കുന്നത് ഫസ്റ്റ് ക്ലാസ്സ് അപരവത്കരണമാണ്. ലക്ഷണമൊത്ത ഫാഷിസ്റ്റ് സ്ട്രാറ്റജി തന്നെ. ഈ തന്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യം നിങ്ങൾക്ക് വളരുവാൻ പര്യാപ്ത്മായ ഒരു ശത്രുവിനെ സൃഷ്ടിക്കുക. ആ ശത്രു സമൂഹത്തോട് ഇതര സമൂഹങ്ങൾക്ക് ആദ്യം ഭയവും പിന്നെ ആശങ്കയും അതു വഴി ശത്രുതതയും ഉണ്ടാക്കിയെടുക്കുക, അങ്ങനെ നിങ്ങൾ വളരുവാൻ ശ്രമിക്കുക... ഇവിടെ നിങ്ങൾ സൃഷ്ടിക്കുന്ന ആ അപര ശത്രു സമൂഹം ദൗർഭാഗ്യവശാൽ മുസ്ലീം സമൂഹമാണ്. ഹിന്ദു - ക്രിസ്ത്യൻ സമൂഹങ്ങളിൽ ആശങ്ക പടർത്തി മുസ്ലീം വിരുദ്ധത പാകിയുറപ്പിക്കുക.
എന്തായാലും നാം ജാഗ്രത പുലർത്തുക... അവസാനം അവർ എന്നെ തേടി വരുന്നത് വരെ കാത്തിരിക്കാതെ ആദ്യം തേടി വരുന്നവർക്കൊപ്പം നില്ക്കുക.....Sorry sangh guys this is not our story….!