ഷംസീറിന്‍റെ പരാമര്‍ശത്തെ ബി.ജെ.പിയും സംഘപരിവാർ സംഘടനകളും സമുദായ ധ്രുവീകരണം ലക്ഷ്യമാക്കി വളച്ചൊടിക്കുന്നു: റസാഖ് പാലേരി

എൻ.എസ്.എസ് പോലുള്ള സമുദായ സംഘടനകൾക്ക് ഈ കുതന്ത്രത്തെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് ദൗർഭാഗ്യകരമാണ്

Update: 2023-08-03 04:30 GMT
Editor : Jaisy Thomas | By : Web Desk

റസാഖ് പാലേരി

Advertising

കോഴിക്കോട്: സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങൾ ദൗർഭാഗ്യകരവും ഒഴിവാക്കേണ്ടതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. അക്കാദമിക മേഖലയിലെ ഹിന്ദുത്വവത്കരണത്തെ സംബന്ധിച്ച് വളരെ നേരത്തെ തന്നെ രാജ്യത്ത് ശക്തമായ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. സംഘ്പരിവാറിന്‍റെ ദുരുദ്ദേശ്യങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ജനാധിപത്യ ജാഗ്രത കേരളീയ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും പാലേരി ഫേസ്ബുക്കില്‍ കുറിച്ചു.

റസാഖ് പാലേരിയുടെ കുറിപ്പ്

നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പ്രസംഗമദ്ധ്യേ നടത്തിയ ചില പരാമർശങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങൾ തീർത്തും ദൗർഭാഗ്യകരവും ഒഴിവാക്കേണ്ടതുമാണ്. അക്കാദമിക മേഖലയിലെ ഹിന്ദുത്വവത്കരണത്തെ സംബന്ധിച്ച് വളരെ നേരത്തെ തന്നെ രാജ്യത്ത് ശക്തമായ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. വിജ്ഞാനങ്ങളുടെ ഭാരതീയവൽകരണം എന്ന പേരിൽ വാജ്പേയിയുടെ ഭരണ കാലത്തും തുടർന്ന് മോദിയുടെ ഭരണത്തിലും ശക്തിപ്പെട്ട വിദ്യാഭ്യാസത്തിന്‍റെ കാവിവത്കരണം ചരിത്രത്തെ വികലമാക്കിയും പാഠ്യ പദ്ധതിയെ ഹിന്ദുത്വവൽക്കരിച്ചും സംഘ്പരിവാർ ആശയങ്ങളെ പ്രൊമോട്ട് ചെയ്തുമാണ് തുടർന്ന് പോന്നിരുന്നത്.

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തെ സംബന്ധിച്ചാണ് തന്‍റെ പരാമർശം എന്ന് സ്പീക്കർ തന്നെ വ്യക്തമാക്കിയിരിക്കെ കേരളത്തിലെ ബി.ജെ.പിയും ഇതര സംഘ്പരിവാർ സംഘടനകളും സമുദായധ്രുവീകരണം ലക്ഷ്യമാക്കി അതിനെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. എൻ.എസ്.എസ് പോലുള്ള സമുദായ സംഘടനകൾക്ക് ഈ കുതന്ത്രത്തെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. ബി.ജെ.പിയുടെ കാവിവത്കരണ അജണ്ടകളെ എതിർക്കുന്നത് ഹിന്ദു സമുദായ വിരുദ്ധതയാക്കി ചിത്രീകരിക്കുന്നത് സംഘ്പരിവാറിന്‍റെ കൗശലമാണ്. ബി.ജെ. പിയെയും അതിന്‍റെ നയങ്ങളെയും എതിർക്കുന്നത് ദേശവിരുദ്ധവും രാജ്യവിരുദ്ധവുമാക്കി ചിത്രീകരിക്കുന്ന അതേ കുതന്ത്രമാണ് അവർ ഇവിടെയും പുറത്തെടുത്തിരിക്കുന്നത്.

ആരോഗ്യകരമായ രാഷ്ട്രീയ വിമർശനങ്ങളെ ജനാധിപത്യപരമായി അഭിമുഖീകരിക്കുന്നതിന് പകരം അതിനെ സമുദായ ധ്രുവീകരണത്തിനും സംഘർഷത്തിനുമുള്ള അവസരമാക്കി മുതലെടുക്കുന്നത് അംഗീകരിക്കാനാവില്ല. സംഘ്പരിവാറിന്‍റെ ദുരുദ്ദേശ്യങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ജനാധിപത്യ ജാഗ്രത കേരളീയ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News