കമ്മ്യൂണിസ്റ്റ് മാർക്സിസത്തിൽ നിന്ന് ഹിന്ദുത്വ മാർക്സിസത്തിലേക്കുള്ള പരിവർത്തനമാണ് സിപിഎം നടത്തുന്നത് : റസാഖ് പാലേരി
സിപിഎമ്മിന്‍റെ പാർട്ടി സമ്മേളന വേദികൾ മുസ്‌ലിം വിരുദ്ധത വിളമ്പാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു
തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് മാർക്സിസത്തിൽ നിന്ന് ഹിന്ദുത്വ മാർക്സിസത്തിലേക്കുള്ള പരിവർത്തനമാണ് ഇപ്പോൾ സി പി എമ്മിനകത്തു സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് വിജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയിലാണെന്ന പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍റെ വർഗീയ പ്രസ്താവനയും അതിനെ പിന്തുണച്ചു കൊണ്ടുള്ള സിപിഎം നേതാക്കളുടെ ആവർത്തിച്ചുള്ള പ്രസ്താവനകളും കേരളത്തെ കുറിച്ച് സംഘ്പരിവാർ പ്രചരിപ്പിക്കുന്ന വ്യാജപ്രചാരണങ്ങൾക്കുള്ള പിന്തുണയാണ്. മുസ്‌ലിം സംഘടനകളെ മുൻനിർത്തി മുസ്‌ലിംഭീതിയും സാമുദായിക ധ്രുവീകരണവും സൃഷ്ടിച്ചു കൊണ്ട് ഇസ്‌ലാമോഫോബിയയെ വരും കാലത്തേക്കുള്ള തങ്ങളുടെ രാഷ്ട്രീയ ആയുധമായി സി പി എം പ്രഖ്യാപിക്കുകയാണ്.
സിപിഎമ്മിന്‍റെ പാർട്ടി സമ്മേളന വേദികൾ മുസ്‌ലിം വിരുദ്ധത വിളമ്പാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. രാജ്യത്തെ ആർ എസ് എസ് - ബി ജെ പി നേതാക്കളും ഗോദി മീഡിയകളും ഇപ്പോൾ ഏറ്റവും കൂടുതൽ കാത് കൂർപ്പിക്കുന്നത് കേരളത്തിലെ സി പി എം നേതാക്കളുടെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും കേൾക്കാൻ വേണ്ടിയാണ്. പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ ഫലസ്തീൻ ബാഗുമായി വന്നതിനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങൾ രൂക്ഷമായ ആക്രമണം അഴിച്ചു വിടുന്ന സാഹചര്യത്തിലാണ് സംഘ് ആഖ്യാനങ്ങൾക്ക് കരുത്ത് പകരുന്ന രീതിയിലുള്ള പ്രസ്താവനകൾ സി പി എം നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംഘ് പരിവാറിനെതിരായ ഇന്ത്യാ മുന്നണിയുടെ ഭാഗമായി നിൽക്കെയാണ് ആ മുന്നണിയുടെ നേതൃത്വത്തിനെതിരെ സിപിഎം ഈ പ്രചരണം നടത്തുന്നത്. സംഘ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണ് ഇതിലൂടെ സി പി എം ചെയ്യുന്നത്.
പി.വി അൻവർ , മുനമ്പം , കാഫിർ സ്‌ക്രീൻഷോട്ട് വിവാദം, മെക് 7 വിവാദങ്ങൾ, വയനാട് - പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലെ പത്രപ്പരസ്യങ്ങൾ തുടങ്ങി കേരളത്തിൽ സമീപകാലത്ത് നടന്നിട്ടുള്ള മുഴുവൻ സംഭവവികാസങ്ങളിലും ഇസ്‌ലാമോഫോബിക് സമീപനങ്ങളാണ് സിപിഎം സ്വീകരിച്ചു പോന്നിട്ടുള്ളത്. മറുവശത്ത് മുസ്‌ലിം സാമുദായിക ഐക്യം തകർക്കാനുള്ള കുതന്ത്രങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. വർഗീയ വിഭജനവും സാമുദായിക ധ്രുവീകരണവും ബിജെപി ചെയ്താലും സിപിഎം ചെയ്താലും അതിനെ ശക്തമായി പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം ജനങ്ങൾക്കുണ്ട്. മതനിരപേക്ഷതയെ തകർക്കുന്ന സിപിഎം ചെയ്തികൾക്കെതിരിൽ കേരളീയ സമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ജനകീയ പ്രതിരോധങ്ങൾ ഉയർന്ന് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.