'പറഞ്ഞത് കള്ളം'; അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ, നിയമനക്കോഴക്കേസിൽ വൻ വഴിത്തിരിവ്

ബാസിത്തിന്റെ നിർദേശപ്രകാരമാണ് അഖിൽ മാത്യുവിന്റെ പേരു പറഞ്ഞതെന്നാണ് ഹരിദാസന്റെ മൊഴി

Update: 2023-10-09 15:55 GMT
Advertising

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരായ നിയമന കോഴക്കേസിൽ വൻ വഴിത്തിരിവ്. അഖിൽ മാത്യുവിന് പണം നൽകിയെന്ന മൊഴി കള്ളമെന്ന് ഹരിദാസന്റെ കുറ്റസമ്മതം. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ മൊഴി.

ബാസിത്തിന്റെ നിർദേശപ്രകാരമാണ് അഖിൽ മാത്യുവിന്റെ പേരു പറഞ്ഞതെന്നാണ് ഹരിദാസൻ മൊഴി നൽകിയിരിക്കുന്നത്. അഖിൽ മാത്യുവിനെന്നല്ല, സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് ആർക്കും താൻ പണം നൽകിയിട്ടില്ലെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.

നിയമനക്കോഴവിവാദത്തിൽ ഏറ്റവും വലിയ വിവാദമായി ഉയർന്നു വന്ന പേരായിരുന്നു ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന്റേത്. ഒരു ലക്ഷം രൂപ അഖിൽ മാത്യുവിന് കൈമാറിയെന്നാണ് നേരത്തേ പരാതിയായും മൊഴിയായും ഹരിദാസൻ പറഞ്ഞിരുന്നത്. ബാസിത്, റഹീസ്, ലെനിൻ രാജ് എന്നിവർ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് നിയമനത്തട്ടിപ്പ് എന്ന് നേരത്തേ പിടിയിലായ അഖിൽ സജീവ് പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഹരിദാസന്റെ മൊഴിയും. സെക്രട്ടറിയേറ്റ് അനക്‌സ് 2ന്റെ പരിസരത്ത് വെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യത്തെ മൊഴി.

കേസിലെ മൂന്നാം പ്രതി റഹീസിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ഇന്ന് രാവിലെ പുറത്തു വന്നിരുന്നു. ഇതിൽ അഖിലിനെ നമുക്കെടുക്കണം എന്ന സന്ദേശവും അഖിൽ മാത്യുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലുമുണ്ട്. അഖിൽ മാത്യുവിനെ കൃത്യമായി ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങൾ എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ എന്തിനാണിവർ ഇത്തരമൊരു കഥയുണ്ടാക്കിയത് എന്നതിൽ ഇനിയും വ്യക്തത വരുത്താനുണ്ട്.

Full View

ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. അഖിൽ മാത്യുവിനോട് പ്രതികൾക്കുള്ള വൈരാഗ്യത്തിന്റെ കാരണത്തിനും ഉത്തരം കിട്ടണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News