നിയമനകോഴക്കേസ്: പ്രതി ബാസിത്തിനെ തെളിവെടുപ്പിനായി മലപ്പുറത്തെത്തിച്ചു
ഹരിദാസൻ്റെ വീടുൾപ്പടെയുള്ള ഗുഢാലോചന നടന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പുണ്ടാവുക
മലപ്പുറം: നിയമനകോഴക്കേസിലെ പ്രതി ബാസിത്തിനെ മലപ്പുറത്തെത്തിച്ചു. തെളിവെടുപ്പിനായാണ് ബാസിത്തിനെ കന്റോൺമെന്റ് പൊലീസ് മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇന്ന് തെളിവെടുപ്പുണ്ടാകുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥീരീകരണമുണ്ടായിട്ടില്ല. ഹരിദാസന്റെ വീടുൾപ്പടെയുള്ള ഗുഢാലോചന നടന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പുണ്ടാവുക. എന്നാൽ എവിടൊക്കെയാണ് തെളിവെടുപ്പ് നടത്തുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ബാസിത്ത് തന്നെയാണ് ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടായിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടാതെ പരാതി നൽകാനും ബാസിത്ത് ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഈ തെളിവെടുപ്പ് കേസിൽ വളരെയധികം നിർണായകമായിരിക്കും. നേരത്തെ പ്രതികളായ ബാസിത്തും ഹരിദാസും സി.പി.ഐ എം.എൽ.എ വി.ആർ സുനിൽ കുമാറിന്റെ വസതിയിൽ കഴിഞ്ഞ ഏപ്രിൽ 10, 11 തിയതികളിൽ തങ്ങിയിരുന്നെന്ന് വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. സുനിൽ കുമാറിന്റെ എം.എൽ.എ ഹോസ്റ്റലിലുള്ള മുറിയിലാണ് ഇവർ താമസിച്ചത്. ബാസിത്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ പ്രതികൾ തന്റെ മുറിയിൽ താമസിച്ചെന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ ഇവരുമായി യാതൊരുവിധ ബന്ധവുമില്ലെന്നും സുനിൽ കുമാർ എം.എൽ.എ പറഞ്ഞു. സാധാരണ രീതിയിൽ പാർട്ടിയുമായി ബന്ധമുള്ളവർ ഇവിടെ താമസിക്കാറുണ്ടെന്നും എന്നാൽ ഇവരുമായി ബന്ധമൊന്നും ഉണ്ടാവണമില്ലെന്നും സുനിൽ കുമാർ കൂട്ടിചേർത്തു.