പി.ടി തോമസിനോടുള്ള വൈകാരികത അനുകൂലമാകും, മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല: സാദിഖലി ശിഹാബ് തങ്ങൾ

തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ

Update: 2022-05-07 14:12 GMT
Editor : afsal137 | By : Web Desk
Advertising

പിടി തോമസിനോടുള്ള വൈകാരികത തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നും മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. തൃക്കാക്കരയിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന്റെ പശ്ചാതലത്തിലാണ് ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. തൃക്കാക്കരയിൽ ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങൾ തെരെഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്, സഭ വിവാദത്തിൽ പ്രതിപക്ഷ നേതാവ് നിലപാടറിയിച്ചു കഴിഞ്ഞു, കേരളം സമരമുഖരിതമാണ്, ഇത് തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണെന്നും അനുയോജ്യമായ സ്ഥാനാർത്ഥിയാണ് തങ്ങളുടേതെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം പി.സി ജോർജിനെ ഉമ്മവെച്ചയാളെയാണോ സ്ഥാനാർത്ഥിയാക്കിയതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. സഭാ സ്ഥാപനത്തെ സിപിഎം ദുരുപയോഗം ചെയ്തുവെന്നും വി.ഡി സതീശൻ ആരോപിച്ചു.

ജോ ജോസഫ് സഭാ സ്ഥാനാർഥിയെന്ന് വരുത്തിതീർക്കാനാണ് സഭാ സ്ഥാപനത്തെ സിപിഎം ഉപയോഗിച്ചത്, സഭാ സ്ഥാപനത്തെ ഉപയോഗിച്ചതിനെതിരെ ഒരു വിഭാഗം വിശ്വാസികളാണ് രംഗത്തുവന്നത്, താൻ സഭാ സ്ഥാനാർഥിയല്ലെന്ന് ആദ്യം പറഞ്ഞത് എൽഡിഎഫ് സ്ഥാനാർഥി തന്നെയാണെന്നും സഭയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് പി രാജീവാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. സഭയെ ഉപയോഗപ്പെടുത്താൻ ശ്രമിച്ച സിപിഎമ്മിന് വെളുക്കാൻ തേച്ചത് പാണ്ഡായി എന്ന സ്ഥിതിയായെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ജോ ജോസഫ് സഭാ സ്ഥാനാർഥിയാണെന്ന് യു ഡി എഫ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. വാ തുറന്നാൽ വിഷം മാത്രം തുപ്പുന്ന പി സി ജോർജിന്റെ സ്ഥാനാർഥിയെ ആണോ എൽഡിഎഫ് നിർത്തേണ്ടതെന്നും വി.ഡി സതീശൻ ചോദിച്ചു.


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News