പൗരപ്രമുഖൻ ആവാനുള്ള യോഗ്യതയെന്ത്?; വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് ലഭിച്ച മറുപടി ഇങ്ങനെ
കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പറായ കുമ്മിൾ ഷമീർ ആണ് അപേക്ഷ നൽകിയിരുന്നത്.
കൊല്ലം: പൗരപ്രമുഖൻ ആവാൻ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ലെന്ന് സർക്കാരിന്റെ മറുപടി. കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പറായ കുമ്മിൾ ഷമീർ നവംബറിൽ നൽകിയ അപേക്ഷക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ മറുപടി നൽകിയത്.
നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കൊപ്പം പൗരപ്രമുഖർക്ക് പ്രഭാതഭക്ഷണമൊരുക്കിയ പശ്ചാത്തലത്തിലായിരുന്നു ഷമീർ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയത്. പൗരപ്രമുഖൻ ആവാൻ എവിടെയാണ് അപേക്ഷ നൽകേണ്ടത്? പൗരപ്രമുഖൻ ആവാൻ ആവശ്യമായ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കുക എന്നീ ചോദ്യങ്ങളാണ് ഷമീർ ഉന്നയിച്ചത്.
ഷമീറിന് കഴിഞ്ഞ ദിവസം ലഭിച്ച മറുപടി ഇങ്ങനെ:
സൂചനയിലെ അപേക്ഷയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. താങ്കൾ ആവശ്യപ്പെട്ട വിവരങ്ങൾ ചീഫ് സെക്രട്ടറിയുടെ കാര്യാലയത്തിൽ സൂക്ഷിക്കപ്പെടുന്ന രേഖകളിൽ ഉൾപ്പെടുന്നില്ല. മാത്രവുമല്ല താങ്കളുടെ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള 'പൗരപ്രമുഖൻ ആവുന്നതിന് എവിടെയാണ് അപേക്ഷ നൽകേണ്ടത്?', 'പൗരപ്രമുഖർ ആവുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കുക' എന്നീ ചോദ്യങ്ങൾ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 2 (എഫ്)ൽ നിർവചിച്ചിട്ടുള്ള വിവരം എന്ന പരിധിയിൽ വരുന്നതല്ലെന്നും അറിയിക്കുന്നു.