കമ്മ്യൂണിസത്തിനെതിരെ പ്രമേയം: വിവാദം മാധ്യമസൃഷ്ടി- സമസ്ത

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സമസ്ത ജില്ലാ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് ചിന്തകൾക്കും പ്രസ്ഥാനങ്ങൾക്കുമെതിരെ ജാഗ്രത പുലർത്താൻ മുസ്‍ലിം സമൂഹം തയാറാകണമെന്ന് ആഹ്വാനമുണ്ടായത്

Update: 2022-01-04 16:24 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറത്ത് നടന്ന സമ്മേളനത്തിൽ പാസാക്കിയ കമ്മ്യൂണിസത്തിനെതിരായ പ്രമേയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സമസ്ത. വിവാദം മാധ്യമസൃഷ്ടിയാണെന്ന് സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി പറഞ്ഞു. സമസ്ത ജില്ലാ ഗോൾഡൻ ജൂബിലി സമ്മേളനം അംഗീകരിച്ച പ്രമേയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം ചില മാധ്യമസ്ഥാപനങ്ങൾ ദുഷ്ടലാക്കോടെ മെനഞ്ഞുണ്ടാക്കിയ കുതന്ത്രമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

മതം, ആദർശം, സാമുദായികം, സാംസ്‌കാരികം, കാലികം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അഞ്ചു പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. സമ്മേളന പ്രമേയം സൂചിപ്പിച്ച് ഒരു ഓൺലൈൻ മാധ്യമം സമസ്ത പ്രസിഡന്റിന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച മാറ്ററിൽ ആദർശവുമായി ബന്ധപ്പെട്ട ഒന്നാം പ്രമേയം പൂർണമായി ഒഴിവാക്കി. സാമുദായിക മേഖലയുമായ ബന്ധപ്പെട്ട രണ്ടാം പ്രമേയത്തിന്റെ ആദ്യ സിംഹഭാഗവും വെട്ടിയൊഴിവാക്കിയാണ് പ്രചരിപ്പിച്ചതെന്നും മൊയ്തീൻ ഫൈസി ആരോപിച്ചു.

സാമൂഹിക മുന്നേറ്റത്തിന്റെ നാനാതുറകളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച് കേരളീയ പൊതുസമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണ നേടി വിവാദങ്ങൾക്കിടം കൊടുക്കാതെ ഒരു നൂറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് സമസ്ത. സംഘടനയെ ദുർബലപ്പെടുത്താൻ പഴുത് നോക്കുന്നവരുടെ രീതിയായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാനാകൂ. മാധ്യമ പ്രവർത്തനത്തിന്റെ നൈതികതയെ പോലും വെല്ലുവിളിക്കുന്ന ഇത്തരം സമീപനങ്ങൾ ഒരു മാധ്യമസ്ഥാപനത്തിനും അഭിലഷണീയമല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മലപ്പുറം ആലത്തൂർപടിയിൽ സമാപിച്ച നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് ചിന്തകൾക്കും പ്രസ്ഥാനങ്ങൾക്കുമെതിരെ ജാഗ്രത പുലർത്താൻ മുസ്‍ലിം സമൂഹം തയാറാകണമെന്ന് ആഹ്വാനമുണ്ടായത്. സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിലാണ് കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതിനെതിരെ ജാഗ്രതാനിർദേശമുണ്ടായത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാധ്യാപനം നൽകുന്ന കമ്മ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കമ്മ്യൂണിസത്തിനെതിരായ പ്രമേയം തന്റെ അറിവോടെയല്ല പാസാക്കിയതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങൾ പ്രതികരിച്ചിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News