'കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച റിബേഷിനെ സസ്പെൻഡ് ചെയ്യണം': പരാതി നൽകി എം.എസ്.എഫ്
ആറങ്ങോട് എം.എല്‍.പി സ്കൂളിലേക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നാളെ മാര്‍ച്ച് നടത്തും
കോഴിക്കോട് : കാഫിര്‍ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിപ്പിച്ച ആറങ്ങോട് എം.എല്‍.പി സ്കൂള്‍ അധ്യാപകന്‍ റിബേഷിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.ഡി.ഇ ഓഫീസര്‍ക്ക് എം.എസ്.എഫ് പരാതി നല്‍കി. വര്‍ഗീയദ്രുവീകരണം നടത്താന്‍ ആക്കം കൂട്ടിയ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച റിബേഷ്, അധ്യാപകനായി തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉടനടി പുറത്താക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.
'വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ടിൻ്റെ വ്യാപകമായ പ്രചരണത്തിന് ആസൂത്രിതമായ നീക്കമാണ് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് നടത്തിയത്. ഹൈക്കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച റിബേഷിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. നാളിതുവരെയായി റിബേഷിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.'
വിഷയത്തിൽ ആറങ്ങോട് എം.എല്‍.പി സ്കൂളിലേക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നാളെ മാര്‍ച്ച് നടത്തും. ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ഭാരവാഹികളായ ഷാനിബ് ചെമ്പോട്, പി.കെ കാസിം, സി.എം മുഹാദ്, കമ്മിറ്റി അംഗങ്ങളായ ജുനൈദ് സി.വി, യാസീന്‍ കൂളിമാട് എന്നിവരാണ് ഡി.ഡി.ഇ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.