ബത്തേരിയെ വിറപ്പിച്ച പിഎം 2 കാട്ടാന ഒടുവിൽ കൂട്ടിൽ
കൂട്ടിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ആന്റി ഡോസ് നൽകുന്നതിനിടെ വെറ്റിനറി സർജൻ അരുൺ സക്കറിയക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടായി
വയനാട്: വയനാട് സുൽത്താൻ ബത്തേരിയെ വിറപ്പിച്ച PM 2 എന്ന കാട്ടാന ഒടുവിൽ കൂട്ടിലായി. ബത്തേരി കുപ്പാടി വനമേഖലയിൽ വെച്ച് മയക്കുവെടി വെച്ചാണ് ആനയെ പിടികൂടിയത്. മുത്തങ്ങ ആനപ്പന്തിയിലെത്തിച്ച കാട്ടാന മയക്കം വിട്ടത് മുതൽ അക്രമാസക്തനായി.
പ്രത്യേകം സജ്ജമാക്കിയ ലോറി വനത്തിനുള്ളിലെത്തിച്ച് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പുറത്തെത്തിച്ചു. മുത്തങ്ങയിലെത്തിക്കുമ്പോൾ തന്നെ മയക്കം വിട്ടു തുടങ്ങിയ ആന, കൂട്ടിലേക്ക് മാറ്റുന്നതിനിടെ പലതവണ അക്രമാസക്തമായി. കൂട്ടിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ആന്റി ഡോസ് നൽകുന്നതിനിടെ വെറ്റിനറി സർജൻ അരുൺ സക്കറിയക്ക് നേരെയും ആനയുടെ ആക്രമണം ഉണ്ടായി.
കാലിൽ തൂക്കിയെടുത്ത ആനയിൽ നിന്ന് ഏറെ പണിപ്പെട്ടാണ് സഹപ്രവർത്തകർ ഡോക്ടർ അരുൺ സക്കറിയയെ രക്ഷിച്ച് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഡോക്ടറുടെ പരിക്ക് ഗുരുതരമല്ല. തമിഴ്നാട്ടിലെ ദേവാലയിൽ രണ്ടുപേരെ വധിക്കുകയും നിരവധി വീടുകളും വാഹനങ്ങളും തകർക്കുകയും ചെയ്ത ആനയാണ് സുൽത്താൻ ബത്തേരിയിൽ ഇറങ്ങിയത് എന്നറിഞ്ഞത് മുതൽ പ്രദേശം ഭീതിയിലായിരുന്നു. മയക്കം വിട്ടത് മുതൽ അക്രമാസക്തനാകാൻ തുടങ്ങിയെങ്കിലും വലിയ അപകടങ്ങൾക്ക് മുമ്പ് ആനയെ കൂട്ടിലാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.