ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; ഉപലോകായുക്തമാരെ മാറ്റണമെന്ന് പരാതിക്കാരൻ
ബാബു മാത്യു പി ജോസഫ്, ഹാറൂൺ അൽ റഷീദ് എന്നിവരെ ഒഴിവാക്കണം എന്നാണ് ആവശ്യം.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസിൽ വിധി പറയുന്നതിൽ നിന്ന് ഉപലോകായുക്തമാരെ മാറ്റണമെന്ന് പരാതിക്കാരൻ. തന്റെ പരാതിയുടെ ഭാഗമായ മുൻ എം.എൽ.എയുടെ ജീവചരിത്രം ഉപലോകായുക്ത പ്രകാശനം ചെയ്തു. ഇവരിൽ നിന്നു നിഷ്പക്ഷ നീതി പ്രതീക്ഷിക്കുന്നില്ലെന്നും ആർ.എസ് ശശികുമാർ നൽകിയ ഇടക്കാല ഹരജിയിൽ പറയുന്നു. ബാബു മാത്യു പി ജോസഫ്, ഹാറൂൺ അൽ റഷീദ് എന്നിവരെ ഒഴിവാക്കണം എന്നാണ് ആവശ്യം.
മുൻ എം.എൽ.എ കെ.കെ രാമചന്ദ്രന്റെ ജീവചരിത്രം ഉപലോകായുക്ത പ്രകാശനം ചെയ്തതിനെതിരെ പരാതിക്കാരൻ നേരത്തെ ഗവർണർക്ക് പരാതി നൽകിയിരുന്നു. കേസിൽ പ്രധാനമായും പരാമർശിക്കപ്പെട്ട കെ.കെ രാമചന്ദ്രന്റെ ജിവചരിത്രം പ്രകാശനം ചെയ്തത് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി തോമസാണ്. ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ഓർമക്കുറിപ്പും എഴുതിയിട്ടുണ്ട്. അതിനാൽ ഇരുവരേയും ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ വാദം കേൾക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നാണ് ശശികുമാറിന്റെ ആവശ്യം.