പാണക്കാട്ടെത്തി മൂന്നാം സീറ്റ് വിഷയം ചർച്ച ചെയ്‌ത് ലീഗ്; അന്തിമ തീരുമാനം നാളെ യോഗത്തിന് ശേഷം
ലോക്‌സഭാ സീറ്റെന്ന ആവശ്യത്തിൽനിന്ന് പിന്മാറണമെന്നും രാജ്യസഭാ സീറ്റ് നൽകാമെന്നുമാണ് കോൺഗ്രസ് ലീഗിനെ അറിയിച്ചിരുന്നത്
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുമായി പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം സംബന്ധിച്ച യുഡിഎഫിലെ ധാരണകളെക്കുറിച്ച് ഇരുവരും തങ്ങളെ ബോധ്യപ്പെടുത്തി. ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ട ശേഷമാണ് ചർച്ചകൾ നടന്നത്. മൂന്നാം സീറ്റെന്ന ആവശ്യം ലീഗ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്‌സഭാ സീറ്റെന്ന ആവശ്യത്തിൽനിന്ന് പിന്മാറണമെന്നും രാജ്യസഭാ സീറ്റ് നൽകാമെന്നുമാണ് കോൺഗ്രസ് ലീഗിനെ അറിയിച്ചിരുന്നത്. ഈ തീരുമാനം തങ്ങൾ അംഗീകരിച്ചോയെന്ന് വ്യക്തമല്ല.
യുഡിഎഫ് യോഗ വിവരങ്ങൾ വിശദമായി തങ്ങളെ അറിയിച്ചുവെന്നും കോൺഗ്രസ് രാജ്യസഭ സീറ്റ് നിർദേശത്തിൽ അന്തിമ തീരുമാനം ഇപ്പൊൾ പറയാൻ കഴിയില്ലെന്നും ഇ.ടി ബഷീർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നാളെ വിശദമായ യോഗം ചേരുമെന്നും ഇ.ടി മുഹമ്മദ് ബഷീർ അറിയിച്ചു. യുഡിഎഫ് ചർച്ചയിലെ ധാരണ തങ്ങളെ അറിയിച്ചുവെന്നും അന്തിമ തീരുമാനം സാദിഖലി തങ്ങൾ എടുക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിലുള്ള മുസ്‌ലിം ലിഗ് നേതൃയോഗമാണ് നാളെ നടക്കുക.
അതിനിടെ, തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന യൂത്ത് ലീഗ് ആവശ്യം അറിയിച്ചതായി സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ അറിയിച്ചു. എന്നാൽ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും തങ്ങൾ പറഞ്ഞു. മുനവ്വറലി ശിഹാബ് തങ്ങൾക്ക് പിന്നാലെ യൂത്ത് ലീഗ് നേതാക്കൾ പാണക്കാട് എത്തി സാദിഖ് അലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയ - സംസ്ഥാന ഭാരവാഹികളാണ് സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചക്കാണ് എത്തിയതെന്നും തലമുറ മാറ്റം കാലാനുസൃതമായി ലീഗിൽ ഉണ്ടായിട്ടുണ്ടന്നും പികെ ഫിറോസ് പറഞ്ഞു.