ജമാഅത്തെ ഇസ്‌ലാമിയുമായുള്ളത് ദീർഘകാല ബന്ധം: സാദിഖലി തങ്ങൾ
‘UDFന് വോട്ട് ചെയ്യുന്നത് നിഷേധിക്കേണ്ട കാര്യമില്ല’
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുമായുള്ളത് ദീർഘകാല ബന്ധമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് മുസ്ലിം സൗഹൃദവേദി ആരംഭിച്ചത് മുതൽ തുടങ്ങിയതാണ് ജമാഅത്തുമായുള്ള ബന്ധം. ജമാഅത്ത ഇസ്ലാമി UDFന് വോട്ട് ചെയ്യുന്നത് നിഷേധിക്കേണ്ട കാര്യമില്ലെന്നും ‘മാതൃഭൂമി’ക്ക് നൽകിയ അഭിമുഖത്തിൽ സാദിഖലി തങ്ങൾ പറഞ്ഞു.
‘ജമാഅത്തെ ഇസ്‌ലാമിയുമായി ലീഗിന്റെ ബന്ധം ഇപ്പോൾ തുടങ്ങിയതല്ല. ശിഹാബ് തങ്ങളുടെ കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്ലിം സൗഹൃദവേദി രൂപവത്കരിച്ചിരുന്നു. അത് മുസ്‌ലിംകളിലെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുള്ള മുന്നേറ്റമാണ്. അടുത്തകാലത്തായി ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യ മുന്നണിക്ക് വോട്ടുചെയ്യാൻ തയ്യാറാകുന്നുണ്ട്. അത് നിഷേധിക്കേണ്ട കാര്യമില്ലല്ലോ’ -സാദിഖലി തങ്ങൾ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം വിചാരിച്ചപോലുള്ള വോട്ട് അവർക്കു കിട്ടിയില്ല. അതിന്റെ പ്രതിഫലനം അവരുടെ സമീപനത്തിലുണ്ട്. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയാൻ പറ്റുകയുള്ളൂവെന്നും സാദിഖലി തങ്ങൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ലീഗ് ഇടതുക്യാമ്പിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ആശയവിനിമയം ഉണ്ടായിട്ടില്ല. പക്ഷേ, ആ തോന്നൽ പലർക്കും ഉണ്ടായിരു ന്നു. ലീഗിനും അങ്ങനെയൊരു തോന്നലുണ്ടെന്ന് പലരും വിചാരിച്ചു. പക്ഷേ, ലീഗ് ഉറച്ച തീരുമാനമെടുത്തു. യുഡിഎഫ് വിടേണ്ട സാഹചര്യം നിലവിലില്ല എന്നതിൽ ഉറച്ചുനിന്നു.
വിമർശനങ്ങൾ ഉൾക്കൊള്ളും. തിരുത്തേണ്ടതാണെങ്കിൽ തിരുത്തും. നമ്മൾ പറയുന്നതിൽ സത്യമുണ്ടെന്ന് ബോധ്യമുണ്ടെങ്കിൽ എത്ര കടുത്ത വിമർശനമുണ്ടായാലും അതിൽ ഉറച്ചുനിൽക്കും. ബാബരി മസ്‌ജിദ് പ്രശ്നകാലത്ത് ശിഹാബ് തങ്ങൾക്ക് ഒരുപാട് വിമർശനം കേട്ടതാണ്. ലീഗ് അധികാരം വിടണം, കോൺഗ്രസിെൻറ വാലാട്ടിപ്പോകേണ്ട കാര്യമുണ്ടോ എന്നെല്ലാം അഭിപ്രായങ്ങൾ വന്നപ്പോഴും ശിഹാബ് തങ്ങൾ ഉറച്ചുനിന്നു. കാരണം, ബാബരി മസ്‌ജിദ് തകർത്തതിന്റെ പേരിൽ ബഹുസ്വരത നഷ്ടമായിക്കൂടാ. ബാബരി മസ്ജിദ് തകർത്തത് ഹിന്ദുക്കൾ മുഴുവനുമല്ല, സംഘ്പരിവാരിെൻറ ആളുകളാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും അതിനെ അംഗീകരിക്കുന്നുമില്ല. ഒരു സംഭവത്തിെൻറ പേരിൽ ഒരു സമൂഹത്തെ മുഴുവനായും മാറ്റിനിർത്താൻ പറ്റില്ല. മറിച്ച്, കുറ്റം ചെയ്തവരെ തുറന്നുകാട്ടി മറ്റുള്ളവരുടെ പിന്തുണ നമുക്ക് നേടിയെടുക്കാമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് ഇറങ്ങാൻ നിർബന്ധിക്കപ്പെട്ടതാണ്. മുനമ്പം സാമുദായിക വിഷയമായി വളർന്നപ്പോഴാണ് ഇടപെട്ടതും സാമുദായിക സംഘടനകളെ വിളിച്ചുചേർത്തതും. മുനമ്പത്തുപോയി ഞങ്ങൾ വരാപ്പുഴ ബിഷപ്പടക്കം 16 ബിഷപ്പുമാരെ കണ്ടു. സമാധാനമുണ്ടാക്കാനാണ് വരുന്നത് എന്നറിഞ്ഞപ്പോൾ അവരെല്ലാം വളരെ സന്തുഷ്ടരായി. മുസ്‌ലിം സമുദായം മുഴുവൻ അവിടെയുള്ളവരെ കുടിയിറക്കാൻ നിൽക്കുകയാണെന്ന് അവർക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. ഞങ്ങൾ നിലപാട് പറഞ്ഞപ്പോൾ അവർക്ക് വലിയ ആശ്വാസമായെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.