എമ്പുരാൻ സിനിമ വെട്ടരുതായിരുന്നു; 17 ഭാഗങ്ങൾ നീക്കിയതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ
കേരളം പോലൊരു സംസ്ഥാനത്താണ് ഇത് നടക്കുന്നത്


തിരുവനന്തപുരം: എമ്പുരാൻ സിനിമ വെട്ടരുതായിരുന്നുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. 17 ഭാഗം വെട്ടി മാറ്റിയതിനോട് യോജിക്കാൻ കഴിയില്ല. കേരളം പോലൊരു സംസ്ഥാനത്താണ് ഇത് നടക്കുന്നത്. ധൈര്യപൂർവം സിനിമ പ്രദർശിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കൈരളി തിയറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു മന്ത്രി.
സിനിമ ഒരു കലാപ്രവർത്തനം മാത്രമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണ്. സംഘപരിവാർ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമല്ല. അസഹിഷ്ണുത ഉള്ളവരാണ് ഇത്തരം കാര്യങ്ങളെ എതിർക്കുന്നത്. ഒരു സംവിധായകനോടോ നടനോടുള്ള പ്രശ്നമല്ല ഇത്. മോഹൻലാലും പൃഥ്വിരാജും മലയാളത്തിലെ പ്രധാനപ്പെട്ട താരങ്ങളാണ്. തെറ്റ് ചെയ്യാത്തവര്‍ എന്തിനാണ് പ്രശ്നമുണ്ടാക്കുന്നത്. തെറ്റ് ചെയ്തവരാണ് പ്രശ്നമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംഘപരിവാർ ഭീഷണിക്ക് പിന്നാലെ റി എഡിറ്റ് ചെയ്ത എംമ്പുരാൻ ഇന്നു വൈകിട്ട് മുതൽ തിയറ്ററുകളിൽ എത്തും. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം അടക്കം മൂന്നു മിനിറ്റ് നേരമാണ് സിനിമയിൽ നിന്ന് കട്ട് ചെയ്തിരിക്കുന്നത്. വില്ലന്‍റെ പേരിലും മാറ്റം ഉണ്ടെന്നാണ് സൂചന.രണ്ടുമണിക്കൂർ 59 മിനിറ്റ് ഉണ്ടായിരുന്ന എമ്പുരാൻ സിനിമയിൽ നിന്ന് മൂന്ന് മിനിറ്റാണ് വെട്ടി മാറ്റിയത്. ഗുജറാത്ത് വംശഹത്യയിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നതും സ്ത്രീകൾക്കെതിരായ അതിക്രമത്തിന്‍റെയും ദൃശ്യം അടക്കം ഒഴിവാക്കിയിട്ടുണ്ട്.