സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സി.പി.എം കയ്യൊഴിഞ്ഞ ബ്രാഞ്ച് അംഗം സലിം കുമാർ
പാർട്ടി പ്രവർത്തനത്തിനിടെ പൊലീസ് മർദനത്തിലാണ് സലിം കുമാറിന് നട്ടെല്ലിന് ക്ഷതമേറ്റത്
സുമനസുകളുടെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിലാണ് പള്ളുരുത്തിയിൽ സി.പി.എം കയ്യൊഴിഞ്ഞ ബ്രാഞ്ച് അംഗം സലിം കുമാർ. മരുന്നുകൾ എത്തിക്കുമെന്ന് ആലപ്പുഴ എംപി എ.എം ആരിഫ് നൽകിയ ഉറപ്പിൽ പ്രതീക്ഷ വയ്ക്കുകയാണ് അദ്ദേഹം. പാർട്ടി പ്രവർത്തനത്തിനിടെ പൊലീസ് മർദനത്തിലാണ് സലിം കുമാറിന് നട്ടെല്ലിന് ക്ഷതമേറ്റത്.
പൊലീസ് മർദനത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ സലിം കുമാറിന്‍റെ ദുരിതം മീഡിയവൺ ആണ് പുറത്തുകൊണ്ടു വന്നത്. സഹായം ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തെ സമീപിച്ചെങ്കിലും പരിഗണിച്ചില്ല. ഇതു വാർത്ത ആയതോടെ ആലപ്പുഴ എരമല്ലൂരിൽ താമസിക്കുന്ന സലിം കുമാറിന് മരുന്നുകൾ എത്തിക്കുമെന്ന് എ.എം ആരിഫ് എം.പി ഉറപ്പ് നൽകി. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള സലിം കുമാറിന് 10 മരുന്നുകളിൽ 2 എണ്ണം മാത്രമാണ് സൗജന്യമായി ലഭിക്കുന്നത്. വിലയേറിയ 8 മരുന്നുകൾ പുറത്ത് നിന്ന് വാങ്ങണം.
തൊഴിലുറപ്പ് തൊഴിലിലൂടെ ഭാര്യക്ക് ലഭിക്കുന്ന വരുമാനം മാത്രമാണ് ഏക ആശ്രയം. ഈ തുക മാത്രമുപയോഗിച്ച് തുടർ ചികിത്സ സാധ്യമല്ല. ഈ സാഹചര്യത്തിൽ സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം. മരുന്നുകൾ സൗജന്യമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കുടുംബം ആരോഗ്യമന്ത്രിയെയും സമീപിച്ചിട്ടുണ്ട്.