'വഖഫ് ബോർഡ് നിയുക്ത ചെയർമാനെ വിളിച്ചു മാപ്പുചോദിച്ചു'; പ്രതികരണവുമായി എ.പി വിഭാഗം യുവജന നേതാവ്

''സംഭവിച്ചതിൽ ക്ഷമ ചോദിക്കുക എന്നതിൽ ഒരു കുറച്ചിലുമില്ല. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ സംഘടനാപ്രവർത്തകൻ എന്ന് പറയുന്നതിൽ എന്തർത്ഥം''-മുഹമ്മദലി പറഞ്ഞു

Update: 2023-08-11 12:35 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: വഖഫ് ബോർഡ് നിയുക്ത ചെയർമാൻ അഡ്വ. എം.കെ സക്കീറിനെതിരെ തെറ്റിദ്ധാരണാജനകമായ പോസ്റ്റ് ഇട്ടതിൽ ക്ഷമ ചോദിച്ചെന്ന് സമസ്ത എ.പി വിഭാഗം യുവജന നേതാവ്. എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദലി കിനാലൂർ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. സക്കീറിനെ ഫോണിൽ വിളിച്ചു സംസാരിച്ചെന്നും അദ്ദേഹം പൊരുത്തപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദലി പറഞ്ഞു.

വഖഫ് ബോർഡ് നിയുക്ത ചെയർമാൻ സക്കീർ സാഹിബിനെ വിളിച്ചു സംസാരിച്ചു. അദ്ദേഹത്തെ കുറിച്ച് തെറ്റിദ്ധാരണാജനകമായ പോസ്റ്റ് ഇട്ടതിൽ ക്ഷമ ചോദിച്ചു. വ്യക്തിപരമായി അതെന്റെ ബാധ്യത ആണെന്നതുകൊണ്ടുകൂടിയാണ് അങ്ങനെ ചെയ്തത്. വിളിച്ചതിൽ അദ്ദേഹവും ഹാപ്പി, ഞാനും ഹാപ്പി. തെറ്റ് മാനുഷികമാണല്ലോ. സംഭവിച്ചതിൽ ക്ഷമ ചോദിക്കുക എന്നതിൽ ഒരു കുറച്ചിലുമില്ല. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ സംഘടനാപ്രവർത്തകൻ എന്ന് പറയുന്നതിൽ എന്തർത്ഥം- മുഹമ്മദലി ഫേസ്ബുക്കിൽ കുറിച്ചു.

എം.കെ സക്കീറിനെ അവിശ്വാസിയും നിരീശ്വരവാദിയുമാക്കുന്നവർ വാദങ്ങൾ പിൻവലിച്ചു ക്ഷമാപണം നടത്തണമെന്ന് കെ.ടി ജലീൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സക്കീർ ഇന്ന് സ്വന്തം നാടായ പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ജുമുഅയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് ജലീൽ ഇക്കാര്യം ആവശ്യപ്പെട്ടത്. വഖഫ് ബോർഡിൽ സുന്നി-ഷിയാ മതപണ്ഡിതന്റെ ക്വാട്ടയിൽ വരുന്നത് നിരീശ്വരവാദിയാണെന്ന തരത്തിലുള്ള വാർത്തകളോടും പ്രചാരണങ്ങളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യം ബോധ്യമായ സ്ഥിതിക്ക് ഡോ. ബഹാഉദ്ദീൻ നദ്‍വിയും അഡ്വ. സക്കീറിനെതിരെ തെറ്റായ പ്രചാരണം നടത്തിയവരും, അതിനെല്ലാം കാരണമായ 'ചന്ദ്രിക' ദിനപത്രത്തിൽ വന്ന വാർത്തയുടെ സൂത്രധാരനും പറഞ്ഞതു പിൻവലിച്ച് ക്ഷമാപണം നടത്തട്ടെ. അല്ലെങ്കിൽ അതെന്നും അവരുടെ ദേഹത്ത് ഒരു കറയായി അവശേഷിക്കും. വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തി സമൂഹത്തിൽ പ്രചരിപ്പിക്കുന്ന കുറ്റത്തിന്റെ 'ഇസ്‍ലാമിക വിധി' എന്താണെന്ന് ബന്ധപ്പെട്ടവർ മതഗ്രന്ഥങ്ങൾ മറിച്ചുനോക്കുന്നത് നന്നായിരിക്കും. പറ്റിയ തെറ്റ് ഏറ്റുപറയാനും തിരുത്തി പോസ്റ്റ് ഇടാനും അസത്യം വിളിച്ചുപറഞ്ഞവർ തയാറാകുന്നില്ലെങ്കിൽ അത് സമൂഹത്തിനു നൽകുന്ന സന്ദേശം അതീവ ഗൗരവമുള്ളതാകുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഇസ്‍ലാമിക നിയമസംഹിതകളും പ്രമാണങ്ങളും സംബന്ധിച്ച് പൊതുവെയും വഖഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും കൃത്യമായ പരിജ്ഞാനമുള്ളവരായിരിക്കണം വഖഫ് ചുമതലകൾ ഏൽപിക്കപ്പെടേണ്ടതെന്ന് നേരത്തെ സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്‍വി ചൂണ്ടിക്കാട്ടിയിരുന്നു. മതവിഷയങ്ങളിൽ അവഗാഹവും കാഴ്ചപ്പാടും ഇസ്‍ലാമിക ജീവിതരീതികളുമുള്ള വ്യക്തികൾ വഹിച്ചിരുന്ന കേരളത്തിലെ വഖഫ് ചെയർമാൻ പദവിയിൽ, മതനിരാസവക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ നിയമിക്കാൻ ഇടതുപക്ഷ സർക്കാർ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ്.

Full View

ഇസ്‍ലാമിക കർമശാസ്ത്ര വിധിപ്രകാരം വഖഫുമായി ബന്ധപ്പെട്ട ചുമതല നിർവഹിക്കുന്നവർ മതവിശ്വാസികളും ഇസ്‍ലാമിക നിയമങ്ങളോട് നീതിപുലർത്തുന്നവരും ആകണമെന്നു കണിശമായി നിഷ്‌കർഷിക്കുന്നുണ്ട്. എന്നാൽ, ഏറെ സൂക്ഷ്മത പുലർത്തേണ്ട ഒരു പദവിയിൽ മതബോധമോ സംസ്‌കാരമോ ഇല്ലാത്ത ഒരാളെ നിയമിക്കുക വഴി ഒരു സമുദായത്തെ തന്നെ അപഹസിക്കുന്ന സമീപനമാണ് ഇടതുസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ഡോ. ബഹാഉദ്ദീൻ നദ്‍വി ആക്ഷേപിച്ചിരുന്നു.

Summary: Samastha AP faction youth leader Muhammedali Kinaloor said that he apologized on the phone for making a misleading post against the designated Kerala State Wakf Board chairman Adv. MK Sakeer

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News