കോണിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകുമെന്ന് ആളുകൾക്ക് വിവരം കുറഞ്ഞ കാലത്ത് പറഞ്ഞതാകും-ജിഫ്രി തങ്ങൾ
''സമസ്തയിലെ പിളർപ്പിനുശേഷം ലീഗും സമസ്തയും ഒന്നുകൂടി യോജിച്ചുനിൽക്കുന്നുണ്ട്. പാണക്കാട് തങ്ങന്മാരും ബാഫഖി തങ്ങൾ ഉൾപ്പെടെയുള്ളവരും സുന്നികളും സമസ്തയുമായി അടുത്ത് ഇടപഴകി നിൽക്കുന്നവരുമായിരുന്നു.''
കോഴിക്കോട്: സംഘടനാപരമായി ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക താൽപര്യമില്ലെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത ഒരു പാർട്ടിയുടെയും 'ബി' ടീമല്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കുന്നുമില്ലെന്നും തങ്ങൾ പറഞ്ഞു.
'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് തങ്ങൾ നിലപാട് വ്യക്തമാക്കിയത്. സമസ്തയിലെ വ്യക്തികൾ പല രാഷ്ട്രീയക്കാരുമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 'സമസ്തയിലെ (1989ലുണ്ടായ) പിളർപ്പിനുശേഷം ലീഗും സമസ്തയും ഒന്നുകൂടി യോജിച്ചുനിൽക്കുന്നുണ്ട്. സമസ്തയുടെ നേതാക്കന്മാർ തന്നെയാണ് ലീഗിന്റെയും പ്രധാന നേതാക്കന്മാർ എന്നതാണ് അതിനു കാരണം.'-തങ്ങൾ പറഞ്ഞു.
ലീഗിൽ സമസ്തക്കാർ മാത്രമല്ല, മുജാഹിദുകൾ ഉൾപ്പെടെയുള്ളവരുണ്ട്. എന്നാൽ, ലീഗിന്റെ പ്രധാന നേതാക്കൾ സമസ്തക്കാരായിരുന്നു. നമ്മുടെ മദ്രസകളിലും കോളജുകളിലുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ടാണ് നിൽക്കുന്നത്. പാണക്കാട് തങ്ങന്മാരും ബാഫഖി തങ്ങൾ ഉൾപ്പെടെയുള്ളവരും സുന്നികളും സമസ്തയുമായി അടുത്ത് ഇടപഴകി നിൽക്കുന്നവരുമായിരുന്നു. ആ നിലക്കുള്ള ബന്ധമുണ്ട്-ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി.
'സമസ്തയുടെ പോഷകസംഘങ്ങളിലെല്ലാം ഇപ്പോൾ പാണക്കാട്ടെ തങ്ങന്മാരുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പണ്ഡിത സഭയാണ്. അതിൽ അംഗമാകാൻ ചില നിയമങ്ങളൊക്കെയുണ്ട്. സാദിഖലി തങ്ങളുടെ കാര്യത്തിൽ നമ്മൾ ചിന്തിച്ചിട്ടു തന്നെയില്ല. വലിയ പണ്ഡിതനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളും സമസ്തയിലുണ്ടായിരുന്നില്ലല്ലോ..?'-സമസ്ത ഉന്നതാധികാര സമിതിയിലേക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് തങ്ങൾ പ്രതികരിച്ചു.
കോണിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകുമെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''അതൊന്നും സമസ്തയുടെ നയമല്ല. ലീഗിനും കോൺഗ്രസിനും കമ്മ്യൂണിസ്റ്റുകാർക്കുമെല്ലാം വോട്ട് ചെയ്യാത്തവർ നരകത്തിൽ പോകുമെന്ന് പറയുന്നത് സമസ്തയുടെ നയമല്ല. അന്ന് ആളുകൾക്ക് വിവരം കുറഞ്ഞപ്പോൾ പറഞ്ഞതാകും. ഭക്ഷണത്തിലും വസ്ത്രത്തിലും വീടുകളിലുമെല്ലാം മാറ്റമുണ്ടായി. നല്ല നിലക്കുള്ള മുന്നോട്ടുപോക്കെല്ലാം നമ്മൾ അംഗീകരിക്കും.''
സി.പി.എം സെമിനാറിൽ ലീഗ് പങ്കെടുക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. ''കോൺഗ്രസ് അതിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല. യു.ഡി.എഫ് മുന്നണിയിൽ നിൽക്കുന്നതു കൊണ്ടാണ് ലീഗിന് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. മുന്നണിയിലെ സഖ്യകക്ഷികൾ ഒക്കച്ചങ്ങാതിമാർ ആണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. അതിനർത്ഥം ലീഗ് സി.പി.എം സെമിനാറിന് എതിരാണ് എന്നല്ല.''
കമ്മ്യൂണിസ്റ്റുകൾക്ക് അവരുടേതായ വിശ്വാസ സംവിധാനമുണ്ട്. കോൺഗ്രസിന് അവരുടേതും. ഒരു ബഹുസ്വര സമൂഹത്തിൽ മതമുള്ളവരും ഇല്ലാത്തവരും ഉണ്ടാകാം. പൊതുവിഷയം വരുമ്പോൾ ഒരാളുടെ മതമോ മതമില്ലായ്മോ നോക്കില്ല. പുര കത്തുമ്പോൾ നിരീശ്വരവാദിയാണോ എന്നാൽ തീയണക്കേണ്ടെന്നു പറയില്ലല്ലോ.. എന്തെങ്കിലും പ്രതിസന്ധി വരുമ്പോൾ ഒന്നിക്കാവുന്നുരുമായെല്ലാം ഒന്നിക്കുമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
Summary: ''Samastha has no special interest in any political party organizationally'': Says Samastha Kerala Jem-iyyathul Ulama President Muhammad Jifri Muthukkoya Thangal