സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി
ആശ്രമം കത്തിച്ചത് സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണെന്ന മൊഴിയാണ് പ്രശാന്ത് മാറ്റിപ്പറഞ്ഞത്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ വീണ്ടും വഴിത്തിരിവ്. ആശ്രമം കത്തിച്ചത് സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണെന്ന മൊഴി മുഖ്യസാക്ഷി കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് മാറ്റി. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് പ്രശാന്ത് മൊഴിമാറ്റിപ്പറഞ്ഞത്. മൊഴി മാറ്റിയെങ്കിലും പ്രതികൾക്കെതിരെ സി.സി.ടി.വി ദൃശ്യങ്ങളടക്കം തെളിവുണ്ടെന്നും അന്വേഷണം മുന്നോട്ട് പോകുമെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. മൊഴിമാറ്റം സമ്മർദം മൂലമാകാമെന്നാണ് സിപിഎം വാദം.
ആശ്രമം കത്തിച്ച കേസിൽ അടുത്തിടെയാണ് നാടകീയ വഴിത്തിരിവ് ഉണ്ടായത്. പ്രശാന്ത്, തന്റെ സഹോദരന്‍ പ്രകാശും സുഹൃത്തുക്കളായ ആര്‍എസ്എസുകാരും ചേര്‍ന്നാണ് തീയിട്ടതെന്ന് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു . ഇതോടെ പ്രതിക്ക് വേണ്ടി കാത്തിരുന്ന അന്വേഷണസംഘത്തിന് ആശ്വാസമായിരുന്നു. സർക്കാർ കേന്ദ്രങ്ങൾ ആഗ്രഹിച്ചതു പോലെ ആർഎസ്എസുകാരെ പ്രതികളാക്കി കേസ് ഊർജിതമാക്കുന്നതിനിടെയാണ് വീണ്ടും വഴിത്തിരിവുണ്ടായത്. തീപിടിത്തത്തേക്കുറിച്ച് ഒന്നും അറിയില്ലന്നാണ് പ്രശാന്ത് കോടതിയിൽ നൽകിയ രഹസ്യമൊഴി. ഇതോടെ ആര്‍എസ്എസുകാരാണ് തീയിട്ടതെന്ന കണ്ടെത്തലിന്റെ അടിസ്ഥാന തെളിവ് തന്നെ ഇല്ലാതാവുകയാണ്.
ഇത് കൂടാതെ പ്രകാശിനെ ജനുവരിയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കൂട്ടു പ്രതികൾ മർദിച്ചതാണ് സഹോദരന്റെ മരണത്തിന് കാരണമെന്നും പ്രശാന്ത് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീ കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയം ആളിക്കത്തുമ്പോഴായിരുന്നു ആക്രമണം. മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ച് പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാലു വർഷമായി യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇതോടെ ആക്രമണത്തിന് പിന്നിൽ സിപിഎമ്മും സന്ദീപാനന്ദഗിരിയാണെന്നും സംഘപരിവാർ സംഘടനകൾ ആരോപിച്ചിരുന്നു.