സംഘ്പരിവാർ എഴുതുന്നതല്ല ഇന്ത്യയുടെ ചരിത്രമെന്ന് എ. വിജയരാഘവൻ

വെള്ളക്കാർ ഉണ്ടാക്കിയ മുസ്‌ലിം വിരുദ്ധ നിയമങ്ങൾ ഇ.എം.എസിന്റെ കാലത്താണ് എടുത്ത് കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു

Update: 2021-09-26 15:20 GMT
Advertising

സംഘ്പരിവാർ എഴുതുന്നതല്ല ഇന്ത്യയുടെ ചരിത്രമെന്നും ചരിത്രം തിരുത്തുന്നതിലൂടെ സംഘ്പരിവാർ സ്വാതന്ത്രസമരത്തെ അംഗീകരിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി എ. വിജയരാഘവൻ.

മലബാർ സമരത്തിന്റെ 100ാം വാർഷികവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സെമിനാറുകളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പല കോണുകളിലും വർഗീയതയെ മാന്യവത്കരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുവെന്നും പ്രണയത്തിൽ പോലും വർഗീയതയുണ്ടാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്രീട്ടീഷുകാർ കണ്ട അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ സമര പോരാട്ടമാണ് ആലി മുസ്‌ലിയാരുടെയും വാരിയൻകുന്നത്തിന്റയും നേതൃത്വത്തിൽ നടന്നത്.

വലിയ ജനകീയ പോരാട്ടവും ജന്മിത്വത്തിന് എതിരെയുള്ള കലാപവുമായിരുന്നു മലബാറിലേത്. കർഷക രോഷത്തിന്റേത് കൂടിയായിരുന്നു ആ കാലഘട്ടമെന്നും വിജയരാഘവൻ പറഞ്ഞു. മാപ്പിള കർഷകർ പ്രതിരോധം തീർക്കുകയായിരുന്നു. 100 വർഷം പിന്നിടുമ്പോൾ മലബാർ കലാപത്തെ ഇന്നത്തെ കാലവുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിക്രൂരമായാണ് സമരക്കാരെ വെള്ളക്കാർ നേരിട്ടത്. ആയിരക്കണക്കിന് ആളുകൾ രക്തസാക്ഷികളായി. മുസ്‌ലിം -ഹിന്ദു വിഭജനത്തിനുള്ള പ്രചരണങ്ങൾ ബ്രിട്ടീഷുകാർ നടത്തി. ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചു - എ. വിജയരാഘവൻ ചൂണ്ടിക്കാട്ടി. വെള്ളക്കാർ ഉണ്ടാക്കിയ മുസ്‌ലിം വിരുദ്ധ നിയമങ്ങൾ ഇ.എം.എസിന്റെ കാലത്താണ് എടുത്ത് കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News