'വഖഫ് ബില്ലിനെതിരെ ഒരു എഫ്‍ബി പോസ്റ്റെങ്കിലും ഇടാത്ത ഷാഫിയെ വിമർശിക്കുന്നത് പാപമാണോ?' വീണ്ടും സത്താര്‍ പന്തല്ലൂര്‍

ഹൈബി ഈഡനിലും ഡീൻ കുര്യാക്കോസിലും മാതൃകയുണ്ട്

Update: 2025-04-04 04:54 GMT
Editor : Jaisy Thomas | By : Web Desk

മലപ്പുറം: വഖഫ് ഭേദഗതി ബില്ലിൽ വേണ്ടവിധം ഇടപെടാത്ത ഷാഫി പറമ്പിൽ എംപിക്കെതിരെ എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താര്‍ പന്തല്ലൂര്‍ വീണ്ടും രംഗത്ത്. ''കേവലം ഒരു എഫ്ബി പോസ്റ്റ് കൊണ്ടു പോലും അവർക്കൊപ്പം നിൽക്കാൻ ധൈര്യപ്പെടാത്ത ഷാഫിയെ വിമർശിക്കുന്നത് പാപമാണോ? ഇത്തരം നേതാക്കളെ സംഘടന ഭേദമില്ലാതെ സമുദായം സാവധാനം കയ്യൊഴിയും എന്നതിൽ സംശയമുണ്ടോ ?''എന്നും സത്താര്‍ പന്തല്ലൂര്‍ ചോദിക്കുന്നു.

സത്താര്‍ പന്തല്ലൂരിന്‍റെ കുറിപ്പ്

വഖഫ് ബില്ലിലെ ലോകസഭ ചർച്ചയുമായി ബന്ധപ്പെട്ട് എഴുതിയ മുൻ പോസ്റ്റിൽ വ്യാപകമായി സൈബർ ആക്രമണം നടത്തിയെന്ന ആശ്വാസത്തിലാണ് പലരും. എങ്കിലും, ഉറക്കം നടിക്കുന്നവർ ഒഴികെയുള്ളവരുടെ സംശയങ്ങൾ മുഖവിലക്കെടുക്കണം എന്നു വിശ്വസിക്കുന്നു.

Advertising
Advertising

ഇരുസഭകളിലും വഖഫ് ബില്ലിനെതിരെയുള്ള പട നയിച്ചത് കോൺഗ്രസും ഇന്ത്യ മുന്നണി കക്ഷികളുമാണെന്നതിന് രണ്ടഭിപ്രായമില്ല. വോട്ട് ബാങ്കായ സിറോ മലബാർ സഭയെ അവഗണിച്ച് കോൺഗ്രസ് എടുത്ത റിസ്ക്കിനെയും കൃതജ്ഞതയോടെ കാണുന്നു. ശക്തമായ കോൺഗ്രസില്ലാതെ ബിജെപിക്കെതിരായ പോരാട്ടം രാജ്യത്ത് സാധ്യമല്ല എന്നതിലും സംശയമില്ല. രണ്ടു കാര്യം ചോദിക്കുന്നു.

1) വഖഫ് ബിൽ ചർച്ചാ വേളയിൽ പ്രിയങ്കഗാന്ധി സഭയിൽ നിറഞ്ഞു നിൽക്കണമെന്ന് ഒരാൾക്ക് ആഗ്രഹിക്കാൻ പാടില്ലേ ?

2) ചർച്ചയിൽ എല്ലാവർക്കും പ്രസംഗിക്കാൻ കഴിയില്ല എന്ന തത്വം ശാഖാ തല മീറ്റിംഗിന് പോലും ബാധകമാണ്. അപ്പോൾ ലോകസഭയുടെ കാര്യം പറയാനില്ല. പാർട്ടികൾ ചുമതലപ്പെടുന്ന ചുരുക്കം ആളുകളാണ് അതു ചെയ്യുക എന്ന് ആരെയും പഠിപ്പിച്ച് കൊടുക്കേണ്ടതില്ല. സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഷാഫി പറമ്പിലിനുണ്ട്. വഖഫ് ബില്ലിനെതിരെ ഒരു എഫ്‍ബി പോസ്റ്റെങ്കിലും അദ്ദേഹത്തിനിടാമായിരുന്നു. രാഹുൽ ഗാന്ധിയടക്കം അതു ചെയ്തിട്ടുണ്ട്.

ഹൈബി ഈഡനിലും ഡീൻ കുര്യാക്കോസിലും മാതൃകയുണ്ട്. സമീപകാലത്ത് ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തിയ ഇടം മണിപ്പൂരാണ്. മണിപ്പൂർ സന്ദർശിച്ച്, തകർന്ന പള്ളികളിലും അഭയാർത്ഥി ക്യാമ്പിലും കഴിയുന്ന മനുഷ്യരെ ആശ്വസിപ്പിച്ച് അവർക്ക് വേണ്ടി ലോകസഭയിലും പുറത്തും പൊരുതാൻ ഈ എംപിമാർക്ക് അവരുടെ സ്വത്വം തടസ്സമായില്ല. അതുവഴി മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷത്തിന്‍റെ ഹൃദയം അവർ കീഴടക്കി. സമാനമായി രാജ്യത്തെ മുസ്‍ലിംകൾ പരിഭ്രാന്തിയിൽ നിൽക്കുമ്പോൾ കേവലം ഒരു എഫ്ബി പോസ്റ്റ് കൊണ്ടു പോലും അവർക്കൊപ്പം നിൽക്കാൻ ധൈര്യപ്പെടാത്ത ഷാഫിയെ വിമർശിക്കുന്നത് പാപമാണോ? ഇത്തരം നേതാക്കളെ സംഘടന ഭേദമില്ലാതെ സമുദായം സാവധാനം കയ്യൊഴിയും എന്നതിൽ സംശയമുണ്ടോ ?

വിമർശനങ്ങളെ സംഗീതം പോലെ ആസ്വദിക്കണമെന്ന് പഠിപ്പിച്ച നെഹ്റുവിന്‍റെ പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ട് സ്നേഹിതർ എന്നെ വിമർശിക്കും മുമ്പ് ഞാൻ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്നു ചിന്തിച്ചാൽ നന്നായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ എൻ്റെ പൊതുപ്രവർത്തന രംഗത്ത് ഏറ്റവും ഊന്നൽ നൽകിയത് സമുദായ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ്. വിദ്യാഭ്യാസം, തൊഴിൽ മുതൽ പാർലമെൻ്ററി രംഗം വരെ ഇക്കാര്യത്തിൽ ഇടപെടാറുണ്ട്.

മൂന്ന് ടേം എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറിയായ കാലത്ത് സമുദായത്തിൻ്റെ ഉദ്യോഗ പ്രാതിനിധ്യമാണ് മുഖ്യ അജണ്ടയാക്കിയത്. സമ്മേളന ബഹളങ്ങളെ മാറ്റിനിർത്തിയാണ് ഈ നിശ്ശബ്ദ പ്രവർത്തനം നടത്തിയത്. കാര്യബോധമുള്ള രാഷ്ട്രീയ നേതാക്കളെ കാണുമ്പോഴെല്ലാം ഈ വിഷയമാണ് അവരോട് സംസാരിക്കാറുള്ളൂ. പ്രസംഗത്തിലും എഴുത്തിലും ഏറ്റവും കൂടുതൽ വിഷയമായതും അത് തന്നെ. പക്ഷം നോക്കാതെ യോജിക്കാനും വിയോജിക്കാനും മുന്നോട്ട് വരാറുണ്ട്. വ്യക്തിപരമായ ലാഭം പ്രതീക്ഷിക്കാത്തതിനാൽ അതിൽ പരിമിതികളൊന്നുമില്ല. ഇനിയുള്ള കാലത്തും ഊന്നൽ ഈ വിഷയത്തിൽ തന്നെ.

പ്രാതിനിധ്യാവകാശം ഒരു പ്രധാന അജണ്ട തന്നെയാണന്നാണ് മനസ്സിലാക്കുന്നത്. വിമർശനങ്ങളൊ സൈബർ ആക്രമണങ്ങളൊ ഈ ഉന്നതമായ ആശയത്തിൻ്റെ മുമ്പിൽ നിസാരം മാത്രം. രാഷ്ട്രീയ പാർട്ടികൾ മതവും ജാതിയും ഉപജാതിയും നോക്കിയാണ് എല്ലാം തീരുമാനിക്കുന്നത്. അങ്ങനെയെങ്കിൽ ഒരു മത സമൂഹത്തിന് അവരുടെ കാര്യങ്ങൾ അതേ അടിസ്ഥാനത്തിൽ പറയാവുന്നതേയുള്ളൂ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News