ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; അന്വേഷണം തുടരുമെന്ന് പൊലീസ്
സംസ്ഥാന അപ്പീല്‍ അതോറിറ്റിയെ സമീപിക്കേണ്ടെന്നാണ് പൊലീസ് ഉന്നതതല നിര്‍ദേശം.
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിൽ അന്വേഷണവുമായി മുന്നോട്ട് പൊകുമെന്ന് പൊലീസ്. സംസ്ഥാന അപ്പീല്‍ അതോറിറ്റിയെ സമീപിക്കേണ്ടെന്നാണ് പൊലീസ് ഉന്നതതല നിര്‍ദേശം. കത്രിക കാന്തിക ആകര്‍ഷണമുള്ളതാണെന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. ഹര്‍ഷിനയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക ഉണ്ടായിരുന്നെങ്കില്‍ എംആര്‍ഐ സ്കാനില്‍ വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. 2017 ജനുവരിയില്‍ ഹര്‍ഷിന തലവേദനയെ തുടർന്ന് എംആർഐ സ്കാനെടുത്തിരുന്നു. ഈ സ്കാനിംഗ് റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ എവിടെയെങ്കിലും ലോഹത്തിന്‍റെ സാനിധ്യമുള്ളതായി കണ്ടെത്തിയിട്ടില്ല. അതേ വര്‍ഷം നവംബറിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഹര്‍ഷിനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. അതിനാല്‍ ഈ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.