അമരക്കുനിയിലെ കടുവയെ പിടികൂടാൻ 'സുരേന്ദ്രനും വിക്രമും'; പ്രദേശത്ത് കുംകിയാനകളെ ഉപയോഗിച്ച് തിരച്ചിൽ
ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക സഹായം ഉപയോഗിച്ചാണ് തിരച്ചിൽ
വയനാട്: വയനാട് പുൽപ്പള്ളി അമരക്കുനിയിലെ കടുവയെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ ആരംഭിച്ചു. മൂന്ന് സംഘമായാണ് തിരച്ചിൽ നടത്തുന്നത്. പെരുന്തട്ടയിലെ കടുവയ്ക്കായും നിരീക്ഷണം തുടരുകയാണ്.
മുത്തങ്ങയിൽ നിന്ന് കുംകിയാനകളെ പ്രദേശത്ത് എത്തിച്ചു. വിക്രം, സുരേന്ദ്രൻ എന്നീ ആനകളെയാണ് ദൗത്യത്തിനായി എത്തിച്ചത്. ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക സഹായം ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പുൽപ്പള്ളിയെ ഭീതിയിലാഴ്ത്തിയ പുലിയെ പിടിക്കാനാണ് ദീർഘമായൊരു ദൗത്യം സംഘടിപ്പിച്ചിരിക്കുന്നത്.
കടുവയെ പിടികൂടാനായി പ്രദേശത്ത് രണ്ട് കൂടുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയിലൊന്നും കടുവ വീണിട്ടുണ്ടായിരുന്നില്ല. ഇന്നലെ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. തുടർന്ന് കടുവയെ മയക്കുവെടി വെക്കുന്നതിനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു.