സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറിൽ
പ്രാഥമിക പരീക്ഷ, മുഖ്യപരീക്ഷ, അഭിമുഖം എന്നിവക്ക് ശേഷമായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
തിരുവനന്തപുരം: ഉദ്യോഗാർഥികൾ ആകാംക്ഷയോടെ കാത്തിരുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നാണ് പേരെങ്കിലും പിഎസ്‌സി, നിയമസഭ, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്, വിജിലൻസ് ട്രൈബ്യൂണൽ, സ്‌പെഷ്യൽ ജഡ്ജ് ആന്റ് എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികകളിലും ഈ പരീക്ഷയിലൂടെയാണ് നിയമനം നടക്കുന്നത്.
വിശദമായ സിലബസും സ്‌കീമും വിജ്ഞാപനത്തോടൊപ്പം തന്നെ പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷ, അഭിമുഖം എന്നിവക്ക് ശേഷമായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ബിരുദമാണ് യോഗ്യത. പൊതുപ്രാഥമിക പരീക്ഷക്കുശേഷം നടക്കുന്ന ഈ തസ്തികയുടെ മുഖ്യപരീക്ഷയിൽ ഒബ്ജക്ടീവ് ടൈപ്പിൽ 100 മാർക്ക് വീതമുള്ള രണ്ട് പരീക്ഷകൾ ഉണ്ടായിരിക്കും. നിലവിലുള്ള റാങ്ക പട്ടിക അവസാനിക്കുന്ന തൊട്ടടുത്ത ദിവസം തന്നെ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.