അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയ കേസില്‍ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ
എല്ലാ കാര്യങ്ങളും ഷിജുഖാൻ അറിഞ്ഞിരുന്നെന്നും പുറത്തറിയാതിരിക്കാൻ സമിതിയിലെ സിസി ടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ജീവനക്കാരുടെ പേരിൽ മുഖ്യമന്ത്രിക്കടക്കം കത്തയച്ചു
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ കേസിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണവുമായി സമിതിയിലെ ഒരു വിഭാഗം ജീവനക്കാർ. എല്ലാ കാര്യങ്ങളും ഷിജുഖാൻ അറിഞ്ഞിരുന്നെന്നും പുറത്തറിയാതിരിക്കാൻ സമിതിയിലെ സിസി ടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ജീവനക്കാരുടെ പേരിൽ മുഖ്യമന്ത്രിക്കടക്കം കത്തയച്ചു. ദത്തെടുക്കൽ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ കുടുംബ കോടതി ഇന്ന് വാദം കേൾക്കും.
ശിശുക്ഷേമ സമിതിയിലെ ഒരു വിഭാഗം ജീവനക്കാർ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമടക്കം കൈമാറിയതായി കരുതുന്ന കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ കേസിൽ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെതിരെ ഉൾപ്പെടെ ഗുരുത ആരോപണങ്ങളാണ് കത്തിലുള്ളത്. 2020 ഒക്ടോബര്‍ 22 ന് രാത്രി പുലര്‍ച്ചെ 12.30 ന് കുഞ്ഞിനെ ലഭിക്കുമ്പോള്‍ അമ്മത്തൊട്ടില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഉപേക്ഷിച്ചുവെന്ന് പറയുന്നത് കള്ളമാണ്. ഷിജുഖാന്‍ ഉറപ്പ് കൊടുത്തതനുസരിച്ചാണ് കുഞ്ഞിനെ എത്തിച്ചത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രനടക്കം ചേര്‍ന്നാണ് രാത്രി ആണ്‍കുട്ടിയെ കൊണ്ടുവന്നത്. നഴ്‌സ് ദീപാറാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു.
തൈക്കാട് ആശുപത്രിയിലെ രജിസ്റ്ററില്‍ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി ഡോക്ടറെക്കൊണ്ട് എഴുതിപ്പിക്കുകയായിരുന്നു. ഇവയെല്ലാം ഷീബയ്ക്ക് വ്യക്തമായി അറിയാം. ഒന്നും പുറത്തറിയാതിരിക്കാന്‍ സമിതിയിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കുട്ടിയെ ലഭിച്ച രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും പ്രതികാര നടപടി ഉണ്ടാകുമെന്നതിനാല്‍ ജീവനക്കാരുടെ പേരുവയ്ക്കുന്നില്ലെന്നും പരാതിയിലുണ്ട്. ദത്തെടുക്കൽ നടപടി നിർത്തിവയ്ക്കണമെന്ന സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ ഹർജിയിൽ തിരുവനന്തപുരം കുടുംബ കോടതി ഇന്ന് വാദം കേൾക്കും. കോടതി തീരുമാനം നിർണായകമാകും.