ഇടുക്കിയിൽ റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യം; സ്ത്രീകളടക്കം അഞ്ച് പേർ പിടിയിൽ; പൊലീസുകാരനും പങ്ക്
സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇടുക്കി: പീരുമേട്ടിൽ റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തി വന്നവർ പിടിയിൽ. ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ സ്ത്രീകളുമടക്കം അഞ്ചു പേരെയാണ് പൊലീസ് പിടികൂടിയത്.
നടത്തിപ്പുകാരിൽ പൊലീസ് ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണ് വിവരം. പീരുമേട് തൊട്ടാപ്പുര റോഡിൽ പ്രവർത്തിക്കുന്ന റിസോർട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. റിസോട്ടിന്റെ നടത്തിപ്പുകാരിൽ ഒരു പൊലീസ് ഉദ്യാഗസ്ഥനുമുണ്ടെന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ മൊഴി.
മുമ്പ് പീരുമേട് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഇയാളെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു. സ്ത്രീകളെ വിവിധ റിസോർട്ടുകളിലെത്തിച്ച് അവശ്യക്കാർക്ക് കൈമാറിയിരുന്നതായും ലഹരി ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിൽ പ്രധാനികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.