ലൈംഗികാതിക്രമത്തിന് മുകേഷിനെതിരെ കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് ചുമത്തി
സെക്രട്ടറിയേറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
കൊച്ചി: നടിയുടെ പരാതിയിൽ എം. മുകേഷ് എം.എൽ.എയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്.
ആലുവയിലെ ഫ്‌ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർനടപടികളിലേക്ക് പൊലീസ് കടന്നത്. പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറിയിരുന്നു. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യുക.
സെക്രട്ടറിയേറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭിനേതാക്കളായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു, അഡ്വ. വി.എസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെ കൊച്ചിയിലും കേസ് രജിസ്റ്റർ ചെയ്യും.
കേസിൽ രഹസ്യമൊഴി നൽകാൻ തയാറാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു.
Summary: Sexual abuse case registered against M Mukesh MLA on the complaint of the actress