ഭാര്യയോടുള്ള ലൈംഗിക വൈകൃതം വിവാഹമോചന കാരണമായി കണക്കാക്കാം; ഹൈക്കോടതി

അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചത് എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.

Update: 2024-01-03 07:22 GMT
Advertising

കൊച്ചി: ഭാര്യയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ അമിത് റാവൽ, സി.എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം സംഭവങ്ങൾ വിവാഹ മോചനം അനുവദിക്കാൻ മതിയായ കാരണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹമോചനം നൽകണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനി നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. യുവതിയുടെ ഹരജി ഹൈക്കോടതി അംഗീകരിച്ചു. ഭർത്താവ് ലൈംഗിക വൈകൃതമുള്ള ആളാണെന്നായിരുന്നു യുവതിയുടെ പരാതി.

അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചത് എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ച് യുവതിക്ക് വിവാഹമോചനം അനുവദിച്ച് കോടതി ഉത്തരവിടുകയായിരുന്നു.

2009 ആഗസ്റ്റ് 23നായിരുന്നു ഇവരുടെ വിവാഹം. 17 ദിവസം കഴിഞ്ഞ് ഭർത്താവ് ജോലിക്കായി വിദേശത്തേക്ക് പോയി. 2009 നവംബർ 29 വരെ ഭർതൃഗൃഹത്തിൽ താമസിച്ചെങ്കിലും ഭർതൃവീട്ടുകാർ തന്നെ പുറത്താക്കിയെന്ന് കുടുംബ കോടതിയിൽ നൽകിയ വിവാഹമോചന ഹരജിയിൽ യുവതി പറഞ്ഞിരുന്നു.

ഭർത്താവ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും ഉപേക്ഷിച്ചുപോയ അയാൾ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ, വിവാഹമോചനത്തിനാണ് ഭാര്യയുടെ ഈ ആരോപണങ്ങളെന്നും ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്നുമായിരുന്നു ഭർത്താവിന്‍റെ വാദം.

ഭർത്താവ് 2013 മുതൽ ചെലവിന് നൽകുന്നുണ്ടെന്ന് വിലയിരുത്തിയ കുടുംബ കോടതി വിവാഹ മോചന ഹരജി തള്ളുകയും ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.

വിവാഹബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്ന് 2017ൽ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടി ഭർത്താവ് സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചെലവിന് ലഭിക്കാൻ കോടതിയെ സമീപിച്ച ശേഷമാണ് തുക നൽകുന്നത്. ഹരജിക്കാരിയെ ഉപേക്ഷിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചാലും ലൈംഗിക വൈകൃത സ്വഭാവം വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും കോടതി വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News