കാട്ടാക്കടയിലെ എസ്‌എഫ്‌ഐ ആൾമാറാട്ടം: ഒന്നാംപ്രതി വിശാഖ് കീഴടങ്ങി
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ വിശാഖ് കീഴടങ്ങിയത്
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടക്കേസ് ഒന്നാം പ്രതി വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് വിശാഖ് ഹാജരായത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ വിശാഖ് കീഴടങ്ങിയത്.
വിജയിച്ച സ്ഥാനാർഥി ആരോഗ്യകാരണങ്ങളാൽ സ്വമേധയാ പിന്മാറിയതാണെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വൈശാഖിന്റെ വാദം. താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലിന്റെ നടപടികളെ കുറിച്ചറിയില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. വിജയിച്ച സ്ഥാനാർഥി ആരോഗ്യപരമായ കാരണങ്ങളാൽ സ്വമേധയാ പിന്മാറിയത് കൊണ്ടാണ് തന്റെ പേര് പ്രിൻസിപ്പൽ ആ സ്ഥാനത്തേക്ക് ചേർത്തതെന്നും ഹരജിയിൽ പറയുന്നു.
പരാതിയിൽ വിശാഖിനെതിരെ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വിശാഖിനെതിരെ കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ തിരച്ചിൽ ആരംഭിച്ചെങ്കിലും പൊലീസിന് വിശാഖിനെ കണ്ടെത്താനായില്ല. ഇത് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് വിശാഖ് കീഴടങ്ങിയിരിക്കുന്നത്. അതേസമയം, കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ മുൻ പ്രിൻസിപ്പൽ ആയിരുന്ന പ്രിൻസിപ്പൽ ഡോ. ഷൈജു ജി ജെവിന്റേയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.