കാട്ടാക്കട കോളജ് ആൾമാറാട്ടം: എസ്എഫ്ഐ നേതാവ് വിശാഖിന് സസ്പെൻഷൻ
പുതിയ പ്രിൻസിപ്പൽ ചാർജ് എടുത്തതിന് ശേഷമായിരുന്നു നടപടി.
തിരുവനന്തപുരം: കാട്ടാക്കട കോളജിലെ തെരഞ്ഞെടുപ്പിലെ ആൾമാറാട്ട വിവാദത്തിൽ എസ്എഫ്ഐ നേതാവിന് വിശാഖിന് സസ്പെൻഷൻ. പുതിയ പ്രിൻസിപ്പൽ ചാർജ് എടുത്തതിന് ശേഷമായിരുന്നു നടപടി. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി ആണ് വിശാഖ്.
സംഭവത്തിൽ പഴയ പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റ ഡോ. എൻ.കെ നിഷാദാണ് വിശാഖിനെതിരെ നടപടി സ്വീകരിച്ചത്.
യുയുസിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനിയായ അനഘയ്ക്ക് പകരം വിശാഖിന്റെ പേരാണ് പഴയ പ്രിൻസിപ്പൽ നൽകിയിരുന്നത്. ഇതിൽ പ്രിൻസിപ്പലിനെ കൂടാതെ വിശാഖും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യു.സി സ്ഥാനത്തുനിന്ന് ജയിച്ച വിദ്യാർഥിനിയുടെ പേര് മാറ്റി എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പേര് ചേർത്ത് സർവകലാശാലയ്ക്ക് നൽകിയത് പ്രിൻസിപ്പൽ ജി.ജെ ഷൈജു ആയിരുന്നു.