രാഷ്ട്രീയ തിമിരം ബാധിച്ച അധ്യാപകരുടെ പിന്തുണയോടെ കേരളവർമയിൽ എസ്.എഫ്.ഐ ജനാധിപത്യം അട്ടിമറിച്ചു: വി.ഡി സതീശൻ

ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്ന കെ.എസ്.യു പ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Update: 2023-11-02 05:57 GMT
Advertising

തിരുവനന്തപുരം: രാഷ്ട്രീയ തിമിരം ബാധിച്ച അധ്യാപകരുടെ പിന്തുണയോടെ കേരളവർമ കോളജിൽ എസ്.എഫ്.ഐ ജനാധിപത്യം അട്ടിമറിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി എസ്.എഫ്.ഐ ജനാധിപത്യം അട്ടിമറിക്കുകയാണ് ചെയ്തതെന്നും വി.ഡി സതീശൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളവർമ്മയിൽ ശ്രീകുട്ടൻ്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു SFI. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.

എന്ത് കാരണത്താൽ KSU ന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ SFI വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ SFI ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ K S U ന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന DYFI നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ.

ശ്രീകുട്ടന്റേയും കെ.എസ്.യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവൻ്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്.

KSU പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News