അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ ചോദ്യം ചെയ്ത് ഇന്ത്യയിലെ ഐഎസ് ഏജന്റുമാർ ആരെന്ന് കണ്ടെത്തണം: ഷാഫി ചാലിയം
നിമിഷയെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യണമെന്ന് അവരുടെ അമ്മ ബിന്ദു സമ്പത്ത് തന്നെ ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് ഷാഫി ചാലിയം ചോദിച്ചു.


കോഴിക്കോട്: അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. നിമിഷ എങ്ങനെയാണ് ഐഎസിൽ എത്തിയതെന്ന് കണ്ടെത്തണമെന്ന് അവരുടെ അമ്മ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ അതിന് തയ്യാറാവുന്നില്ല. നിമിഷയിലൂടെ മാത്രം അറിയാവുന്ന ആ രഹസ്യം വെളിപ്പെടരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ഷാഫി ആരോപിച്ചു.
ജൂതനായ അബൂബക്കർ അൽ ബാഗ്ദാദി എന്ന അമേരിക്കൻ സൈനിക പരിശീലനം ലഭിച്ച വ്യക്തി സ്ഥാപിച്ച പ്രസ്ഥാനമാണ് ഐഎസ്. 16 മാസമായി ഗസ്സയെ ചോരക്കളമാക്കി 60000 ത്തിലേറെ മനുഷ്യരെ ഇസ്രായേൽ കൊന്നൊടുക്കുമ്പോൾ ഒരു പ്രതികരണവും നടത്താത്ത ഐഎസ് എന്ന ഇസ്‌ലാം പേരുള്ള സംഘടനയുമായി ഇന്ത്യയിലെ ഹിന്ദു മതക്കാരനായ ഒരു സിനിമനാടനായ പൃഥ്വിരാജിന് ബന്ധമുണ്ടോയെന്നാണ് സംഘികൾക്ക് സംശയം. നിമിഷ ഫാത്തിമയെ അഫ്ഗാൻ ജയിലിൽ നിന്ന് കൊണ്ടുവന്ന് ഐഎസ്് ക്യാമ്പിൽ എങ്ങനെ എത്തപ്പെട്ടു? ആരെല്ലാം സഹായിച്ചു? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചാൽ ഇന്ത്യയിൽ ഐഎസ്് ബന്ധം ആർക്കൊക്കെയാണെന്ന് അറിയാൻ കഴിയുമെന്നും ഷാഫി ചാലിയം പറഞ്ഞു.