സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിൽസ ലഭ്യമാക്കണം: എം.കെ രാഘവൻ എം.പി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു
സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ച വിവരം അഭിഭാഷകനാണ് ആദ്യം കുടുംബത്തെ അറിയിച്ചത്
കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്നതിനിടെ കോവിഡ് ബാധിച്ച മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിൽസ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി പ്രധാനമന്ത്രിക്ക് കത്ത് നൽകി. കോവിഡിന് പുറമേ പ്രമേഹമുൾപ്പടെയുള്ള രോഗങ്ങളുള്ളതിനാൽ സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യ നിലയിൽ കഴിഞ്ഞ ദിവസം ഭാര്യ റൈഹാന ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിഷയത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. കാപ്പന് കഴിഞ്ഞ ഒരാഴ്ചയായി കടുത്ത പനി ഉണ്ടെന്ന് അഭിഭാഷകൻ കുടുംബത്തെ അറിയിച്ചിരുന്നു.
സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ യുപി സർക്കാറിനോട് ആവശ്യപ്പെടണമെന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യ നിലയിൽ ആശങ്കയുണ്ട്. കോവിഡിന് പുറമെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാപ്പന് ഉണ്ട് എന്നും ഐക്യദാർഢ്യ സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ച വിവരം അഭിഭാഷകനാണ് ആദ്യം കുടുംബത്തെ അറിയിച്ചത്. ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചത്. മഥുര ജയിലാശുപത്രിയില്‍ കഴിയുന്ന കാപ്പന്‍റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെ.യു.ഡബ്ല്യൂ.ജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കി. കടുത്ത പ്രമേഹമടക്കം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന കാപ്പനെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്നും കത്തിലാവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കാപ്പനെ മഥുര ജയിലില്‍ നിന്ന് യുപിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 5നാണ് ഹഥ്റാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ സിദ്ദീഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ വകുപ്പ് ചുമത്തപെട്ടതോടെ 6 മാസമായി ഇവര്‍ ജയിലിലാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 2നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മെയ് 1ന് കേസ് കോടതി പരിഗണിക്കും.