'ഗായകനെ ഒന്നാം പ്രതിയാക്കിയത് കേസ് ദുർബലപ്പെടുത്താൻ, പ്രതിയാക്കേണ്ടത് ദേവസ്വം ബോർഡിനെ'; പരാതിക്കാരൻ
ഡിജിപിക്ക് ഇക്കാര്യം ആവശ്യപെട്ട് പരാതി നൽകിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ വിഷ്ണു സുനിൽ
കൊല്ലം: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തിൽ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താനെന്ന് പരാതിക്കാരൻ വിഷ്ണു സുനിൽ പന്തളം. ക്ഷേത്ര മുറ്റത്ത് അലോഷി പാടിയ പാട്ട് ഹൈക്കോടതി നിയമത്തിൻ്റെ ലംഘനമാണ്. എന്നാൽ ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയുമാണ് ആദ്യം പ്രതിയാക്കേണ്ടത്.അവരുടെ പേരു പോലും എഫ്ഐആറിൽ ഇല്ല .
കടയ്ക്കൽ സിഐയ്ക്ക് താൻ നൽകിയ പരാതിയിൽ മൊഴിയെടുത്ത് കേസെടുക്കണം. ഡിജിപിക്ക് ഇക്കാര്യം ആവശ്യപെട്ട് പരാതി നൽകിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ വിഷ്ണു സുനിൽ പറഞ്ഞു.
വിപ്ലവഗാന വിവാദത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. കടയ്ക്കൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു.
എന്നാല്‍ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ഗായകൻ അലോഷി മീഡിയവണിനോട് പറഞ്ഞു . പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയിൽ പാട്ട് പാടുന്നത് . ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അലോഷി പറഞ്ഞു.