ബലിപെരുന്നാൾ ദിവസത്തെ പരീക്ഷകൾ മാറ്റിവെക്കുക : എസ്.ഐ.ഒ
പ്ലസ് വൺ പ്ലസ് ടു തുല്യതാ പരീക്ഷ, കുസാറ്റ് സെമസ്റ്റർ പരീക്ഷകൾ, മെഡിക്കൽ കോളജ് അവസാന വർഷ പ്രാക്ടിക്കൽ പരീക്ഷകൾ, മൂന്നാം വർഷ ബിടെക് പരീക്ഷകൾ തുടങ്ങിയ പരീക്ഷകളാണ് പെരുന്നാളിന്റെ അന്ന് നടക്കുന്നത്
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ മേഖലയിൽ ബലിപെരുന്നാൾ ദിവസം നടത്താൻ തീരുമാനിച്ച വിവിധ പരീക്ഷകൾ മാറ്റിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിനും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും എസ്.ഐ.ഒ നിവേദനം നൽകി.
പ്ലസ് വൺ പ്ലസ് ടു തുല്യതാ പരീക്ഷ, കുസാറ്റ് സെമസ്റ്റർ പരീക്ഷകൾ, മെഡിക്കൽ കോളജ് അവസാന വർഷ പ്രാക്ടിക്കൽ പരീക്ഷകൾ, മൂന്നാം വർഷ ബിടെക് പരീക്ഷകൾ തുടങ്ങിയ പരീക്ഷകളാണ് അന്നേദിവസം നടക്കുന്നതായി അറിയിപ്പുകൾ വന്നിട്ടുള്ളത്. നിലവിൽ ഈ പരീക്ഷകൾ ഒന്നും മാറ്റിവെച്ചിട്ടില്ല. ബലിപെരുന്നാൾ ആഘോഷ ദിവസത്തെ പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി ക്രമീകരിച്ച് വിദ്യാർഥികളുടെ ആശങ്കകൾ ഉടൻ പരിഹരിക്കണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു.