Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സൗരോർജ പ്ലാന്റ് നിർമാണത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം. നിയമസഭയിൽ ചോദ്യത്തിനു വ്യക്തതയില്ലാത്ത ഉത്തരം നൽകിയത്, മന്ത്രിക്ക് അഴിമതിയിൽ പങ്കുള്ളതുകൊണ്ടാണെന്ന് എം. വിൻസന്റ് എംഎൽഎ ആരോപിച്ചു. അനർട്ട് ഓഫീസിന് മുന്നിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. ആരോപണങ്ങൾ അനർട്ട് സിഇഒ നിഷേധിച്ചു.
അനർട്ടിന് നടത്തിപ്പ് ചുമതലയുള്ള സ്മാർട്ട് സിറ്റി പദ്ധതിയിലെ സൗരോർജ പ്ലാന്റ് നിർമാണത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി എം. വിൻസെന്റ് എംഎൽഎ ആരോപിച്ചിരുന്നു. ടെണ്ടർ ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ ബാങ്ക് കമ്പനികൾ ബാങ്ക് ഗ്യാരണ്ടി ഹാജരാക്കണമെന്നാണ് ചട്ടം. പക്ഷേ നിയമസഭയിൽ വിഷയം ചർച്ചയായ ശേഷം മാത്രമാണ് ബാങ്ക് ഗ്യാരണ്ടികൾ അറ്റാച്ച് ചെയ്തതെന്നാണ് എംഎൽഎ ചൂണ്ടിക്കാട്ടുന്നത്.
ടെണ്ടർ നടപടികൾ കൈകാര്യം ചെയ്തത് ആരൊക്കെയാണെന്ന ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി തെറ്റാണെന്ന് രേഖകൾ തെളിയിക്കുന്നുണ്ടെന്നും വൈദ്യുത മന്ത്രിയുടെ ഒത്താശയോടെ അനർട്ട് സിഇഒ നരേന്ദ്ര നാഥ് ബേലൂരി നടത്തിയ കൊള്ളയാണ് സൗരോർജ പ്ലാന്റ് അഴിമതിയെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.
അതേസമയം അനർട്ടിനെതിരായ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും സൗരോർജ പ്ലാന്റ് പദ്ധതി മികച്ച രീതിയിൽ അഴിമതി രഹിതമായി പുരോഗമിക്കുകയാണെന്നും സിഇഒ നരേന്ദ്രനാഥ് ബേലൂരി വർത്താക്കുറിപ്പിലൂടെ അറിയിച്ചു. വിഷയം വിവാദമായതോടെ വൈദ്യുത മന്ത്രിക്കെതിരെയും അനർട്ട് സിഇഒയ്ക്കെതിരെയും അന്വേഷണം ആവിശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.