സിൽവർലൈനിനു വേണ്ടി ചെറുകിട വ്യവസായ യൂനിറ്റുകളുടെ മേൽക്കൂരകളിൽ സൗരോർജ പ്ലാന്റുകൾ

ഹൈദരാബാദിലെ റേഡിയന്റ് സോളാർ കമ്പനിയാകും സോളാർ യൂനിറ്റുകൾ സ്ഥാപിക്കുക

Update: 2022-02-14 09:50 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈനിനു വേണ്ടി സംസ്ഥാനത്തെ ചെറുകിട വ്യവസായ യൂനിറ്റുകളുടെ(എം.എസ്.എം.ഇ) മേൽക്കൂരകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട് കെ-റെയിൽ അധികൃതരും കേരളാ സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ഭാരവാഹികളും തമ്മിൽ ചർച്ച നടത്തി.

സമ്പൂർണ ഹരിത പദ്ധതിയായി വിഭാവന ചെയ്തിരിക്കുന്ന സിൽവർലൈനിൽ പുനരുപയോഗ ഊർജം ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. സിൽവർലൈൻ യാഥാർഥ്യമാകുമ്പോൾ ട്രെയിൻ സർവീസ് നടത്താൻ തുടക്കത്തിൽ 300 മില്യൺ യൂനിറ്റ് വൈദ്യുതിയാണ് പ്രതിവർഷം ആവശ്യമായി വരിക. 25 വർഷത്തിനുശേഷം 500 മില്യൺ യൂനിറ്റായി ഇത് വർധിക്കും.

സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പത്തനംതിട്ട യൂനിറ്റും സംയുക്തമായാണ് സംസ്ഥാനത്തെ ചെറുകിട വ്യവസായ യൂനിറ്റുകളുടെ മേൽക്കൂരകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുക. അസോസിയേഷന്റെ ആവശ്യം കഴിഞ്ഞു മിച്ചം വരുന്ന വൈദ്യുതിയാണ് കെ-റെയിലിന് നൽകുക. ഹൈദരാബാദിലെ റേഡിയന്റ് സോളാർ കമ്പനിയാകും സോളാർ യൂനിറ്റുകൾ സ്ഥാപിക്കുക.

സംസ്ഥാന വൈദ്യുതി, വ്യവസായം, ധനകാര്യം, സഹകരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത 168,807 ചെറുകിട വ്യവസായ യൂനിറ്റുകളുണ്ടെന്നാണ് 2019 വരെയുള്ള കണക്ക്. ഓരോ യൂനിറ്റിലും ശരാശരി പത്ത് കിലോവാട്ട് സൗരോർജം ഉൽപാദിപ്പിക്കാൻ സാധിച്ചാൽ മൊത്തം 1.688 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

കെ-റെയിൽ ആസ്ഥാനത്തു നടന്ന ചർച്ചയിൽ കെ-റെയിൽ മാനേജിങ് ഡയരക്ടർ വി. അജിത് കുമാർ, സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ഫാ. ഡോ. എബ്രഹാം മുളമൂട്ടിൽ, കെ.എസ്.എസ്.ഐ.എ പത്തനംതിട്ട യൂനിറ്റ് പ്രസിഡന്റ് മോർളി ജോസഫ്, സിസ്ട്ര ഡെപ്യൂട്ടി പ്രൊജക്ട് ഡയരക്ടർ(സിസ്റ്റംസ്) കെ.എസ് കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

Summary: Solar power plants on the roofs of small industrial units for Silverline project

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News