കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിന് ഐ.എഫ്.എഫ്.കെ വേദിയിൽ ഐക്യദാർഢ്യം
ചലച്ചിത്രപ്രവർത്തകരായ കമൽ, ആഷിഖ് അബു, ബിജിപാൽ, ഷഹബാസ് അമൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു
തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യവുമായി ഐ.എഫ്.എഫ്.കെ വേദിയിൽ പ്രതിഷേധം. ചലച്ചിത്രപ്രവർത്തകരായ കമൽ, ആഷിഖ് അബു, ബിജിപാൽ, ഷഹബാസ് അമൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മോഹൻ ശങ്കറിന്റെ ജാതി അധിക്ഷേപത്തിന് എതിരെയാണ് സമരം നടത്തുന്നത്.
പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വേദിയാകുന്ന ഐ.എഫ്.എഫ്.കെ മറ്റൊരു പ്രതിഷേധത്തിന് കൂടി വേദിയായി. ജാതി വിവേചനത്തിന് എതിരെ കഴിഞ്ഞ ഒമ്പത് ദിവസമായി കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിലാണ് ചലച്ചിത്ര പ്രവർത്തകർ ഒത്തുചേർന്നത്. വാ മൂടിക്കെട്ടി വിദ്യാർത്ഥികളും ഡെലിഗേറ്റുകളും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
സംവിധായകരായ ആഷിക് അബു, മഹേഷ് നാരായണൻ, വിധു വിൻസന്റ് സംഗീത സംവിധായകരായ ബിജിബാൽ, ജിയോ ബേബി, ഷഹബാസ് അമൻ നടി സജിതാ മഠത്തിൽ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.