സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തിന് സമാപനം
പൊതുസമ്മേളനത്തിൽ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബുൽ ഹൈജ മുഖ്യ അതിഥിയായി
കൊച്ചി: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം സമാപിച്ചു. ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. കലൂർ സ്റ്റേഡിയത്തിലെ ശാഹീൻബാഗ് സ്‌ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബുൽ ഹൈജ മുഖ്യ അതിഥിയായി. സമാപന സമ്മേളനത്തോട് അനുബന്ധിച്ച് മൂന്നുമണിയോടെ ആരംഭിച്ച പ്രകടനത്തിൽ ഇരുപതിനായിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു.
'വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' എന്ന പ്രമേയത്തിലൂന്നിയാണ് സോളിഡാരിറ്റി സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടന്നത്. രണ്ട് ദിവസമായി തുടർന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉച്ചയോടെ അവസാനിച്ചു.
രാജ്യത്തിന്റെ പാരമ്പര്യമായ മതസൗഹാർദ്ദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങൾക്കടക്കമുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി പറഞ്ഞു.
ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബുൽ ഹൈജ മുഖ്യ അതിഥിയായിരുന്നു. ഫലസ്തീനില്‍ അധിനിവേശം തുടരുന്ന ഇസ്രായേൽ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. ആംനസ്റ്റി ഇൻറർനാഷണൽ പ്രസിഡന്റ് ആകാർ പട്ടേൽ, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലി , ജമാഅത്തെ ഇസ്‍ലാമി കേരള അമീർ, എം.ഐ അബ്ദുൽ അസീസ്, ദ ക്വിൻറ് എഡിറ്റർ ആദിത്യ മേനോൻ, സാമൂഹിക പ്രവർത്തക ഫാത്തിമ ശബരിമല, സോഷ്യൽ ആക്ടിവിസ്റ്റ് നർഗിസ് ഖാലിദ് സൈഫി തുടങ്ങിയവർ സംസാരിച്ചു.