'ഇന്ദ്രൻസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു, ജൂറി എല്ലാ സിനിമകളും കണ്ടു': മന്ത്രി
'ജൂറിയുടെ തീരുമാനം അന്തിമം, ഇടപെടില്ല'
തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ജൂറി എല്ലാ സിനിമകളും കണ്ടുവെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. അവരുടെ വിധി അന്തിമമായിരിക്കും. അതിൽ ഇടപെടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ദ്രന്‍സിന് അവാർഡ് കിട്ടുന്നതിൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തിയാണ് ഞാൻ. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്.സിനിമ നല്ലതോ മോശമോ എന്നു പറയേണ്ടത് ഞാൻ അല്ല.ജൂറിക്ക് പരമാധികാരം കൊടുത്തിതിരിക്കുകയാണ്. അതുകൊണ്ടാണ് ഈ രണ്ടുവര്‍ഷവും ഒരു പുരസ്കാര ജേതാവിന്‍റെ പേരുപോലും നേരത്തെ പുറത്താകാഞ്ഞത്. അത്രയും സൂക്ഷ്മമായ പരിശോധനയാണ് നടന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
വിജയ് ബാബു പീഡനക്കേസില്‍ അറസ്റ്റിലായതിന്‍റെ പേരിലല്ല അവാര്‍ഡ് നിരസിച്ചത്. ഒരാള്‍ സിനിമ നിര്‍മിച്ച ശേഷം ഏതെങ്കിലും കേസിൽ പ്രതിയാകുന്നത് പ്രശ്‌നമില്ല. സിനിമ മേഖലയിലെ കഴിവുള്ളവരാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. അദ്ദേഹത്തിന്റെ ഹോമിന് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.