ഭക്ഷണം വെച്ചില്ല, വൃദ്ധമാതാവിനെ വിറകുകൊള്ളി കൊണ്ടടിച്ച് മകൻ; അറസ്റ്റിൽ

68കാരിയായ ദേവകിക്കാണ് മർദനമേറ്റത്

Update: 2023-03-04 09:53 GMT
Editor : banuisahak | By : Web Desk

കൊല്ലം: കൊല്ലം ആയൂരിൽ വൃദ്ധമാതാവിന് മകന്റെ ക്രൂരമർദനം. ആയുർ തേവന്നൂർ സ്വദേശി ദേവകിക്ക് (68) ആണ് മർദനമേറ്റത്. ദേവകിയെ മനോജ് വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും വടികൊണ്ട് മർദിക്കുകയും ചെയ്തു. മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ മനോജ് വീട്ടിൽ ഭക്ഷണം വെക്കാത്തതിനെ ചൊല്ലി അമ്മയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ വീടിന്റെ പിന്നിൽ നിന്ന് വിറകുകൊള്ളി എടുത്തുകൊണ്ട് വന്ന മനോജ് ദേവകിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. ദേവകിയുടെ മുടിക്ക് പിടിച്ച് വലിച്ച് താഴെയിട്ട ശേഷം ഇയാൾ ചവിട്ടുകയും ചെയ്തു. 

Advertising
Advertising

ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും അക്രമാസക്തമായ മനോജ് ഇവരെ ഭയപ്പെടുത്തി പുറത്താക്കുകയായിരുന്നു. അയൽവാസികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ്  മനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവകിയും മനോജും മാത്രമാണ് വീട്ടിൽ താമസിക്കുന്നതെന്നാണ് അയൽവാസികൾ പറയുന്നത്. ഇയാൾ അമ്മയെ സ്ഥിരമായി മർദിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. 

ചോദ്യംചെയ്യലിൽ മനോജും ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ ദേവകിയെ ഇന്നലെ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News