ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യും, ബിനു ജോസഫിന്‍റെ അറസ്റ്റ് ഇന്നുണ്ടാകും
ഇന്നലെയാണ് എളമക്കര സ്വദേശി ബിനു ജോസഫിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഹോട്ടലിൽ എത്തിച്ച എളമക്കര സ്വദേശിയുടെ അറസ്റ്റ് ഇന്നുണ്ടാകും.
ഇന്നലെയാണ് എളമക്കര സ്വദേശി ബിനു ജോസഫിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കേസിൽ ഇയാളും ലഹരി ഇടപാടിൽ പങ്കാളിയായിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതിനിടെ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇരുവർക്കും പൊലീസ് ഉടൻ നോട്ടീസ് നൽകും.
കൊച്ചിയിലെ ലഹരി ഇടപാടുകളിൽ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു. ലഹരി ഇടപാടിന്‍റെ ഭാഗമായാണോ താരങ്ങൾ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ, ലഹരിക്കേസിൽ കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്ന് ഓം പ്രകാശിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാൾ. പ്രകാശിനൊപ്പം പിടിയിലായ ഷിഹാസിൽനിന്ന് കൊക്കെയ്ൻ പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്.
ചോദ്യംചെയ്യുന്നതിനിടയിൽ മറ്റാരെങ്കിലും മുറിയിൽ വന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കാൻ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥും പ്രയാഗയും എത്തിയെന്നു വിവരം ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് താരങ്ങൾ എത്തിയതായി വ്യക്തമായി. ഹോട്ടലിലെ രജിസ്റ്ററിലും ഇവരുടെ സന്ദർശനം രേഖപ്പെടുത്തിയിരുന്നു. താരങ്ങളടക്കം 20 പേർ മുറിയിലെത്തിയിരുന്നതായാണ് വിവരം.