ശ്രീറാം വെങ്കിട്ടരാമൻറെ പുതിയ നിയമനം; അതൃപ്തിയറിയിച്ച് ഭക്ഷ്യ മന്ത്രി
താനറിയാതെയാണ് സിവിൽ സപ്ലൈസ് ജനറൽ മാനേജറായി ശ്രീറാമിനെ നിയമിച്ചതെന്ന് മന്ത്രി പറഞ്ഞു
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് ജനറൽ മാനേജറായി നിയമിച്ചതിനെതിരെ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. താനറിയാതെയാണ് നിയമനമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെ അതൃപ്തിയറിയിക്കുകയും ചെയ്തു.
കനത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി സിവിൽ സപ്ലൈസ് മാനേജറായി നിയമിച്ചത്. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാമിനെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കലക്ടർ സ്ഥാനത്ത് നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ കക്ഷികളടക്കം വിമർശനമുന്നയിച്ചത്. പത്രപ്രവര്‍ത്തക യൂണിയനടക്കം വിവിധ സംഘടനകളും സര്‍ക്കാരിനെ എതിര്‍പ്പറിയിച്ചിരുന്നു.
ഇതിനു പുറമെ സുന്നി കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലും വലിയ തോതിൽ പ്രതിഷേധങ്ങൾ നടന്നു. പി.വി അൻവർ എം.എൽ.എയും ഇക്കാര്യത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കത്തെഴുതിയിരുന്നു. നിയമനത്തിലൂടെ രണ്ടാം പിണറായി സർക്കാരിന്റെ പ്രതിഛായ കളങ്കപ്പെടാതിരിക്കട്ടെയെന്ന് ഐ.എൻ.എല്ലും പ്രതികരിച്ചു. സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എതിർപ്പ് രേഖപ്പെടുത്തിയത്.
ശ്രീറാമിന്റെ നിയമനം സ്വാഭാവിക നടപടിക്രമമാണെന്നായിരുന്നു പ്രതിഷേധങ്ങളോട് നേരത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം. ബഷീർ നമ്മുടെ എല്ലാവരുടെയും സുഹൃത്താണ്. സ്വാഭാവികമായും ഇത്തരമൊരു വികാരം വരും. എന്നാൽ, സർക്കാർ സർവീസിന്റെ ഭാഗമായിരിക്കുന്നയാൾ ഓരോ ഘട്ടത്തിലായി ചുമതല വഹിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ചുമതല നൽകിയിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. എന്നാൽ, ബഷീറിന്റെ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ അധികാരമേറ്റത്. ആലപ്പുഴ കലക്ടറും ശ്രീറാമിന്റെ ഭാര്യയുമായ രേണുരാജിനെ തൊട്ടടുത്തുള്ള എറണാകുളത്തേക്ക് സ്ഥലംമാറ്റിയ ശേഷമായിരുന്നു ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്. ഇതിനുമുൻപ് ശ്രീറാമിനെ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാക്കിയപ്പോഴും വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു.