സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
പൊതുസമ്മേളനത്തിൽ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബുൽ ഹൈജ മുഖ്യാതിഥിയാകും
കലൂർ: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. 'വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' എന്ന പ്രമേയത്തിലൂന്നിയാണ് സോളിഡാരിറ്റി സംസ്ഥാന സമ്മേളനം കൊച്ചിയിൽ പുരോഗമിക്കുന്നത്. കലൂർ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ നഗരിയിലാണ് സമ്മേളനം.
രണ്ടാം ദിവസമായ ഇന്ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. പതിനായിരത്തോളം പ്രവർത്തകർ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. വ്യത്യസ്ഥ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും ആക്ടിവിസ്റ്റുകളും പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി. സമ്മേളനത്തിന്റെ ഭാഗമായ മില്ലി കോൺഫറൻസ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വർ അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ അതിജീവനം മുസ്ലിംകൂട്ടായ്മകളുടെ മുഖ്യ അജണ്ടയാകണമെന്ന് മുനവ്വർ അലി തങ്ങൾ പറഞ്ഞു.
ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബുൽ ഹൈജ മുഖ്യാതിഥിയാകുന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി ഉദ്ഘാടനം ചെയ്യും. കലൂർ സ്റ്റേഡിയത്തിലെ ശാഹീൻബാഗ് സ്‌ക്വയറിൽ യുവജനറാലിയോടെ ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ 25000ളം പേർ പങ്കെടുക്കും. എം.ഐ അബ്ദുൽ അസീസ്, ആകാർ പട്ടേൽ, ഫാത്തിമ ശബരിമല,നർഗിസ് ഖാലിദ് സൈഫി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും.