കഴുത്തുപിടിച്ച് വീഴ്ത്തി, കത്തിയെടുത്തറുത്തു, കൂസലില്ലാതെ ക്രൂരത വിവരിച്ച് പ്രതി
പാലാ നിധിന വധക്കേസിൽ പ്രതി അഭിഷേക് ബൈജുവുമായി തെളിവെടുപ്പ് നടത്തി
നിധിന വധക്കേസിൽ പ്രതി അഭിഷേക് ബൈജുവുമായി കോട്ടയം പാലാ സെൻറ് തോമസ് കോളേജിലെത്തിച്ച് തെളിവെടുത്തു. രണ്ടേ കാലോടെയാണ് കോളേജ് കാമ്പസിലെത്തി തെളിവെടുത്തത്. കൃത്യത്തിന്റെ മുമ്പും ശേഷവും നടന്ന ഓരോ കാര്യങ്ങളും കൂസലില്ലാതെ പ്രതി വിവരിച്ചു.
പരീക്ഷ എഴുതിയിറങ്ങിയ പ്രതി അഭിഷേക് വിദ്യാർഥിനിയെ കാമ്പസിലെ സിമൻറ് ബെഞ്ചിൽ കാത്തിരുന്നു. നിധിനയെത്തിയപ്പോൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ശേഷം മൈതാനത്തോട് ചേർന്നുള്ള പടിക്കെട്ടിൽ വച്ച് കഴുത്തുപിടിച്ച് വീഴ്ത്തി. പുതിയ ബ്ലേഡുള്ള പഴയ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്തു. കോളേജ് കവാടത്തിൽ നിന്ന് 50 മീറ്റർ അകലെ വെച്ചാണ് ഇത് നടത്തിയത്. ശേഷം റോഡിനോട് ചേർന്നുള്ള തിട്ടയിൽ ഇരുന്ന് നിധിന നിലവിളിക്കുന്നതും ആളുകൾ ഓടിക്കൂടുന്നതും കണ്ടിരുന്നു - പ്രതി അഭിഷേക് ബൈജു ക്രൂര കൃത്യം വിവരിച്ചു.
കൊലപാതക ശേഷം കണ്ടതുപോലെ തന്നെ കൂസലില്ലാതെയായിരുന്നു പ്രതിയുടെ വിവരണം. സംഭവത്തിൽ ഫോണിലെ ചില തെളിവുകൾ ശേഖരിക്കാനുണ്ട്. നിധിനയുടെ അമ്മയുടെ ഫോണിലേക്ക് പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു. അത് ഡിലീറ്റ് ആയിപ്പോയിട്ടുണ്ട്. ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായിട്ടുണ്ട്.
അതേസമയം വീട്ടിൽ വച്ച് നിധിനയുടെ സംസ്‌കാര ചടങ്ങുകളും കഴിഞ്ഞിട്ടുണ്ട്.