സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം; ഈ വര്‍ഷം കടിയേറ്റത് രണ്ട് ലക്ഷത്തിലേറെ പേർക്ക്
പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കൂടുന്നു. ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.
സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തി എൺപത്തി ആറായിരം പേര്‍ക്ക്. ഈ വര്‍ഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.മെയ് മുതല്‍ ആഗസ്റ്റ് വരെ ചികിത്സ തേടിയത് ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരം പേര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ ഏറ്റവും കൂടുതല്‍
പേ വിഷ ബാധയേറ്റുള്ള മരണമുണ്ടായത് ഈ വര്‍ഷമാണ്.21 പേര്‍.വാക്സിന്‍ സ്വീകരിച്ചവരും മരണത്തിന് കീഴടങ്ങി എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെ മൂന്ന് ലക്ഷത്തോളം തെരുവുനായക്കളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ പ്രാഥമിക കണക്ക്.
ഇവക്കെല്ലാം വാക്സിന്‍ നല്‍കലാണ് സര്‍ക്കാറിന് മുന്നിലെ പ്രതിസന്ധി.ആക്രമണ കാരികളായ തെരുവ് നായകളുള്ള ഹോട്ട്സ്പോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി അടുത്ത ആഴ്ചയോടെ വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.