മലപ്പുറത്ത് വിദ്യാര്‍ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തു
തിരൂരങ്ങാടി ഗവണ്മെന്‍റ് സ്കൂളിലെ വിദ്യാർഥിനി കഴിഞ്ഞ ദിവസമാണ് ബസിൽ നിന്ന് തെറിച്ചുവീണത്
മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചുവീണതിൽ ബസ് ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. തിരൂരങ്ങാടി ഗവണ്മെന്‍റ് സ്കൂളിലെ വിദ്യാർഥിനി കഴിഞ്ഞ ദിവസമാണ് ബസിൽ നിന്ന് തെറിച്ചുവീണത്.
ബസ് സ്റ്റോപ്പിൽ നിർത്തിയതിനു ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ആണ് മുൻവശത്തെ വാതിലിൽ നിന്ന് വിദ്യാർഥിനി പുറത്തേക്ക് വീണത്. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൂടാതെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു . അപകടകരമായ രീതിയിൽ വാഹനമോടിച്ചു എന്ന് വിലയിരുത്തിയാണ് നടപടി. ബസിൽ നിന്നും വീണ വിദ്യാർഥിനിക്ക് ഗുരുതര പരിക്കില്ല , തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകടത്തെ തുടർന്ന് തിരൂരങ്ങാടി താലൂക്കിലെ സ്കൂൾ പരിസരങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്.